padam
പള്ളുരുത്തി പൊലീസ് സ്റ്റേഷൻ

കൊച്ചി: ഇൻസ്‌പെക്ടർ വാഴാതെ പള്ളുരുത്തി പൊലീസ് സ്റ്റേഷൻ. മൂന്ന് വർഷത്തിനിടെ എസ്.എച്ച്.ഒ കസേരയിൽ വന്നിരുന്ന് പോയത് 11 പേർ ! ഒരു ഇൻസ്‌പെക്ടർ എട്ടുമാസം കസേരയിലുണ്ടായിരുന്നത് ഒഴിച്ചാൽ മറ്റെല്ലാവരും സ്റ്റേഷനിൽ അധികനാൾ ഇരിപ്പുറപ്പിച്ചില്ല. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാർ

ഒരു വർഷത്തിലേറെയെങ്കിലും സേവനം ചെയ്യാറുണ്ട്. 2021ലെ തിരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന സ്ഥലംമാറ്റത്തിന് ശേഷമാണ് ഇത്രയുമധികം ഇൻസ്‌പെക്ടർമാർ പള്ളുരുത്തിയിൽ വന്നുപോയത്.

സ്ഥാനക്കയറ്റത്തോടെ വിജിലൻസിലേക്ക് മാറ്റംകിട്ടിയതോടെയാണ് ഒടുവിൽ കസേരയിൽ ആളൊഴിയുന്നത്. പുതിയ സി.ഐ ഉടനെ ചാർജെടുക്കും.

2021ൽ എസ്.എച്ച്.ഒയായിരുന്ന എൻ.വി. ജോയ് മാത്യു രണ്ടുവർഷത്തോളം ചുമതല വഹിച്ചു. പിന്നാലെ ചാർജെടുത്ത സുമേഷ് സുധാകരൻ അഞ്ച് മാസത്തിനുശേഷം സ്ഥലംമാറിപ്പോയി. ജി. അനൂപ് പിന്നാലെ ചാർജെടുത്തു. പക്ഷേ രണ്ട് മാസം തികച്ചില്ല.

ഒരുദിവസം മാത്രമായിരുന്നു സെബാസ്റ്റ്യൻ പി.ചാക്കോ പള്ളുരുത്തി സി.ഐയായിരുന്നത്. തുടർന്ന് ചാർജെടുത്ത വൈ. ദീപുവിനെയും പള്ളുരുത്തി ഇരുത്തിയില്ല. നാലാംദിവസം കസേര കാലിയാക്കേണ്ടിവന്നു. 2021ൽ അവസാനം സി.ഐയായി എത്തിയ കെ.എസ്. സിൽവെസ്റ്റർ 2022 മേയ് നാലിനാണ് സ്ഥലംമാറിപ്പോയത്. പി.പി. ജസ്റ്റിൻ രണ്ടുമാസം പള്ളുരുത്തി സ്റ്റേഷന്റെ നാഥനായി. ജസ്റ്റിനും ദീപുവും സെബാസ്റ്റ്യൻ ചാക്കോയും എസ്.എച്ച്.ഒ ചാർജുകാരായിരുന്നു.

എട്ടുമാസം സി.ഐയായിരുന്ന സുനിൽതോമസ് 2023 മേയിലാണ് മാറ്റംകിട്ടിപ്പോകുന്നത്. തുടർന്ന് ചാർജെടുത്ത കെ.എസ്. ശ്യാമിനും സഞ്ജു ജോസഫിനും ഏറെക്കാലമൊന്നും സ്റ്റേഷനെ നയിക്കാനായില്ല.

* വില്ലനാകുന്നത്

1 പശ്ചിമകൊച്ചിയിലെ ഏറ്റവും വലിയ സ്റ്റേഷൻ.

2 അംഗബലത്തിന്റെ ഇരട്ടിയിലധികം കേസുകൾ കൈകാര്യം ചെയ്യണം

3 കേസുകളുടെ ആധിക്യവും സമ്മർദ്ദവും.

4 സ്ഥലംമാറ്റത്തിന് അപേക്ഷ നൽകി രക്ഷപ്പെടുന്നു

5 നിലവിലുണ്ടായിരുന്ന ഇൻസ്‌പെക്ടർ ഗിരീഷ്‌കുമാറാണ് ഒടുവിൽ സ്ഥലംമാറിയത്.