
കൊച്ചി: ഡൗൺസിൻഡ്രോം അവസ്ഥയിലുള്ള കുട്ടികളുടെ കരുതലിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന ഡൗൺസിൻഡ്രോം ട്രസ്റ്റിന്റെ (ഡോസ്റ്റ്) സിൽവർ ജൂബിലി സമ്മേളനത്തിന് കലൂർ ഐ.എം.എ ഹൗസിൽ തുടക്കമായി. ഡൗൺസിൻഡ്രോം കുട്ടികളുടെ കലാപരിപാടികളോടെ ആരംഭിച്ച സമ്മേളനം കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരിയിൽ നടക്കുന്ന ഡൗൺസിൻഡ്രോം നാഷണൽ ഗെയിംസിന് കൊച്ചിയുടെ മുഴുവൻ പിന്തുണയും മേയർ വാഗ്ദാനം ചെയ്തു.
ഡോസ്റ്റ് സപ്പോർട്ട് ഗ്രൂപ്പ് പ്രസിഡന്റ് ഡോ. ഷാജി തോമസ് ജോൺ അദ്ധ്യക്ഷനായി. ഡൗൺസിൻഡ്രോം ഫെഡറേഷൻ ഒഫ് ഇന്ത്യ (ഡി.എസ്.എഫ്.ഐ) പ്രസിഡന്റ് ഡോ. സുരേഖ രാമചന്ദ്രൻ മുഖ്യാതിഥിയായി. ഡോ. ഷിമ്മി പൗലോസ്, ഡോ.ജേക്കബ് അബ്രഹാം, ഡോ. വിവിൻ അബ്രാഹം, ഡോ. ജീസൺ സി. ഉണ്ണി, ഡോ.എം. നാരായണൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് രാവിലെ ഒമ്പതു മുതൽ ഡൗൺസിൻഡ്രോമുള്ള കുട്ടികളുടെ മാതാപിതാക്കൾക്കായി വിവിധ വിഷയങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ, പാനൽ ചർച്ച, സംശയം നിവാരണം എന്നിവ നടക്കും.