vellappallya

കൊച്ചി: കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിൽ അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെന്നും ജനങ്ങൾ പ്രതീക്ഷിച്ചപോലുള്ള ഫലമാണ് ഉണ്ടായതെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പോളിംഗ് കുറഞ്ഞിട്ടും വയനാടും പാലക്കാടും യു.ഡി.എഫിന് കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടും ഭൂരിപക്ഷവും കിട്ടിയതിൽ അവർക്ക് അഭിമാനിക്കാം. ചേലക്കരയിൽ സി.പി.എം സ്ഥാനാർത്ഥിക്ക് ഭൂരിപക്ഷം കുറഞ്ഞതിൽ അതിശയിക്കാനില്ല. കെ.രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവവും സ്വീകാര്യതയും യു.ആർ.പ്രദീപിനില്ല. അതുകൊണ്ടാണ് ഭൂരിപക്ഷം കുറഞ്ഞത്. പാലക്കാട് ബി.ജെ.പി സ്ഥാനാർത്ഥി സി.കൃഷ്ണകുമാറിന് വോട്ടുകുറഞ്ഞതും ഇതേകാരണം കൊണ്ടാണ്. കഴിഞ്ഞ തവണ അവിടെ മത്സരിച്ചത് ഇ.ശ്രീധരനാണ്. സർവസമ്മതനായ അദ്ദേഹത്തിന് കിട്ടിയ പിന്തുണ സി.കൃഷ്ണകുമാറിന് ലഭിക്കുക എളുപ്പമല്ല. എങ്കിലും രണ്ടാംസ്ഥാനം നിലനിറുത്താനായത് അവരുടെ കഴിവുതന്നെയാണ്. യു.ഡി.എഫ് മുന്നേറ്റം ഇടതുസർക്കാരിന്റെ വിലയിരുത്തലായി കാണാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.