കൊച്ചി: എറണാകുളം ജില്ലയിൽ വ്യാപകമായിരിക്കുന്ന മയക്കു മരുന്ന് മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ ശക്തമായ പൊലീസ്, എക്‌സൈസ് നടപടി ഉണ്ടാകണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പത്ത് മാസത്തിനിടെ ജില്ലയിൽ മാത്രം രണ്ടായിരത്തിനടുത്ത് കേസുകളാണ് രജിസ്റ്റർ ചെയ്തത്. കഞ്ചാവ് അടക്കമുള്ള ലഹരി പദാർത്ഥങ്ങളുടെയും വിവിധ തരത്തിലുള്ള രാസ ലഹരി പദാർത്ഥങ്ങളുടെയും വിപണനവും വിനിയോഗവും ജില്ലയിൽ വ്യാപകമായിരിക്കുകയാണ്. പൊലീസ് ഓഫീസർമാരുടെ നേതൃത്വത്തിൽ ആന്റി ഡ്രഗ്‌സ് സ്‌ക്വാഡ് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ്,​ സെക്രട്ടറി കെ.ആർ. റെനീഷ് എന്നിവർ അറിയിച്ചു.