ground
അശോക ഗ്രൗണ്ടിൽ കളിക്കുന്ന കുട്ടികൾ

ആലുവ: നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത അശോകപുരം അശോക ഗ്രൗണ്ട് ലൈഫ് ഭവന പദ്ധതിക്കായി വിനിയോഗിക്കണമെന്ന ലാൻഡ് ബോർഡിന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. കേരള ഫുട്ബാൾ ടീം ക്യാപ്റ്റൻ സഞ്ജു ഗണേഷ്, മുൻ ഇന്ത്യൻ താരം എം.എം. ജേക്കബ് എന്നിവർ ഉൾപ്പെടെയാണ് ഗ്രൗണ്ട് സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾക്കൊപ്പം രംഗത്തെത്തിയത്.

ചൂർണിക്കര ഗ്രാമപഞ്ചായത്ത് ലൈഫ് പദ്ധതി ആക്ഷൻ കൗൺസിൽ കൺവീനർ പി. നാരായണൻകുട്ടിയുടെ നിവേദനത്തെ തുടർന്നാണ് മിച്ചഭൂമിയായ അശോക ഗ്രൗണ്ട് ലൈഫ് പദ്ധതിക്കായി ഉപയോഗിക്കണമെന്ന് ലാൻഡ് ബോർഡ് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയത്.

32 വർഷം മുമ്പ് ദേശിയപാത വികസനത്തിനായി കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ ഉപയോഗിച്ച സ്ഥലത്തിൽ അവശേഷിച്ച സ്ഥലമാണ് അശോക ഗ്രൗണ്ടായി മാറിയത്. നാല് സെന്റ് വീതം നൽകേണ്ടതിന് മൂന്ന് സെന്റ് ആയി ചുരുക്കിയാണ് ഗ്രൗണ്ട് ഉണ്ടാക്കിയതെന്നാണ് നാട്ടുകാർ പറയുന്നത്. കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾ ഒന്നടങ്കം ഗ്രൗണ്ട് നിലനിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലാൻ‌ഡ് ബോർഡിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഗ്രൗണ്ട് സംരക്ഷണ സമിതിയും വ്യക്തമാക്കി.

അശോക ഗ്രൗണ്ടിലാണ് ഞാൻ കളിച്ചു വളർന്നത്. അശോക ഗ്രൗണ്ട് നിലനിറുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. മികച്ച താരങ്ങളെ സൃഷ്ടിക്കാൻ ഈ മൈതാനത്തിന് കഴിയും

സഞ്ജു ഗണേഷ്

ക്യാപ്റ്റൻ

കേരള ഫുട്ബാൾ ടീം

കായിക ഉന്നമനത്തിനായി കളി സ്ഥലങ്ങൾ നിലനിർത്താൻ ശ്രമിക്കുന്ന കാലത്ത് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന ഗ്രൗണ്ട് മിച്ചഭൂമിയെന്ന പേരിൽ ഇല്ലാതാക്കുന്നത് ദുഃഖകരമാണ്. പുത്തൻ തലമുറയുടെ കായിക സ്വപ്നങ്ങളെ തകർക്കുന്ന നടപടിയാണ്.

എം. എം. ജേക്കബ്

മുൻ ഇന്ത്യൻ താരം