
കൊച്ചി: പാലക്കാട് യു.ഡി.എഫ് ഭൂരിപക്ഷം വർദ്ധിച്ചതിന്റെ ക്രെഡിറ്റ് തദ്ദേശമന്ത്രി എം.ബി.രാജേഷിനും അളിയനുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പരിഹസിച്ചു. എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ സംഘപരിവാർ പോലും നാണിച്ചുപോകുന്ന വർഗീയ പ്രചാരണമാണ് സി.പി.എം നടത്തിയത്. ബി.ജെ.പിക്ക് വിജയം ഒരുക്കാനായിരുന്നു അവരുടെ ശ്രമം. കോൺഗ്രസിനും യു.ഡി.എഫിനും മാത്രമേ കേരളത്തിൽ ബി.ജെ.പിയെ പിടിച്ചുകെട്ടാൻ കഴിയൂവെന്നുള്ള പ്രഖ്യാപനം കൂടിയാണ് പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലം. ചേലക്കരയിൽ 2021ൽ എൽ.ഡി.എഫിന് കിട്ടിയ 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽനിന്ന് 28,000 വോട്ട് കുറയ്ക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. ഭൂരിപക്ഷം കുറഞ്ഞിട്ടും പൊതുമരാമത്ത് മന്ത്രി പറഞ്ഞത് പിണറായി വിജയൻ തിളങ്ങി നിൽക്കുന്നുവെന്നാണ്. ഇതെങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.