മൂവാറ്റുപുഴ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി തൊഴിലുറപ്പ് തൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രചാരണ ജാഥ സമാപിച്ചു. പായിപ്രയിൽ നിന്ന് ആരംഭിച്ച് മുളവൂർ, ആവോലി, മഞ്ഞള്ളൂരിൽ പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷമാണ് ജാഥ സമാപിച്ചത്. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ 27ന് സംസ്ഥാന വ്യാപകമായി എല്ലാ പഞ്ചായത്ത്, നഗരസഭാ കേന്ദ്രങ്ങളിലേക്കും മാർച്ചും ധർണയും സംഘടിപ്പിക്കും. ഇതിന്റെ പ്രചാരണാർത്ഥമാണ് എൻ .ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥ സംഘടിപ്പിച്ചത്. യൂണിയൻ ഏരിയ സെക്രട്ടറി സജി ജോർജ്, പ്രസിഡന്റ് സുജാത സതീശൻ, മറിയം ബീവി നാസർ, പി.ബി. സാബു, ഷാജു വടക്കൻ, ആർ. സുകുമാരൻ, ഒ.കെ മുഹമ്മദ്, ഭവാനി ഉത്തരൻ, എം.എ. നൗഷാദ്, സുഹറ മുഹമ്മദ്, സിനി സത്യൻ, എം.കെ. ബൈജു തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.