
കൊച്ചി: തുടർതോൽവികളോടെ നിരാശയുടെ പടുകുഴിയിലായ കേരള ബ്ലാസ്റ്റേഴ്‌സിന് കരകയറാൻ ഇന്ന് ചെന്നൈയിനെതിരെ മിന്നും ജയംവേണം. സ്വന്തംതട്ടകമായ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് ചെന്നൈയിൻ എഫ്.സിക്കെതിരായ കിക്കോഫ്.
ഈ സീസണിലെ എട്ട് മത്സരങ്ങളിൽ ആറിലും മഞ്ഞപ്പട തോറ്റിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തലതാഴ്ത്തിയാണ് ബ്ലാസ്‌റ്റേഴ്‌സ് കളംവിട്ടത്. കൊച്ചിയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിക്കാനായിരുന്നില്ല. നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് സ്റ്റാറേയുടെ മഞ്ഞപ്പട. ഗോളടിക്ക് കുറവില്ലെങ്കിലും വഴങ്ങുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തലവേദന. കൊച്ചിയിൽ അവസാനം കളിച്ച 15 മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് എതിർവല കുലുക്കിയിരുന്നു. മുന്നിലെത്തിയാൽപ്പോലും പിടിച്ചുനിൽക്കാൻ ടീമിന് കഴിയുന്നില്ല.
ചെന്നൈയിൻ എഫ്.സി താരമ്യേന മികച്ച ഫോമിലാണ്. ഗോളടിക്കുന്നതിൽ ഉൾപ്പെടെ ടീം മികവ് കാട്ടുന്നു. പ്രതിരോധവും ശക്തം. എട്ടിൽ മൂന്ന് മത്സരങ്ങൾ ജയിച്ച് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് . ഈ വർഷം ഫെബ്രുവരിയിൽ ലീഗിൽ അവസാനം നേർക്കുനേർ വന്നപ്പോൾ ചെന്നൈയിനായിരുന്നു ജയം.
ചെന്നെയിനെതിരെ ജയിക്കുകയാണ് ലക്ഷ്യം. ടീം ഗെയിമാണ് ഫുട്‌ബാൾ. ഏതെങ്കിലും ഒരു ഭാഗത്തെ പഴിക്കുന്നതിൽ കാര്യമില്ല, മത്സരം ജയിക്കാൻ എല്ലാവരുടെയും പങ്ക് നിർണായകമാണ്
അഡ്രിയാൻ ലൂണ
ബ്ലാസ്റ്റേഴ്‌സ് നായകൻ