ആലുവ: ആലുവ പമ്പ് കവലക്ക് സമീപത്തെ ഏഴോളം കിണർ വെള്ളത്തിൽ പെട്രോളിന്റെ അംശം കണ്ടെത്തിയിട്ടും നഗരസഭയോ ബന്ധപ്പെട്ട വകുപ്പുകളോ നടപടിയെടുക്കുന്നില്ലെന്ന് പരാതി. അതേസമയം രണ്ട് പെട്രോൾ പമ്പുകൾക്ക് ഒരു മാസത്തിനകം മറുപടി നൽകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം.

പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം മണ്ണിനടിയിലൂടെ ചോർന്ന് കിണറുകളിലെ വെള്ളത്തിൽ കലരുന്നതായി കഴിഞ്ഞ ഏഴ് വർഷമായി വീട്ടുകാരുടെ പരാതിയാണ്. കുറച്ചു മാസങ്ങളായി ചോർച്ച വർദ്ധിച്ച് ഓയിലിന്റെ സാന്നിദ്ധ്യം കൂടിയിരിക്കുകയാണ്. കഴിഞ്ഞ സെപ്തംബറിൽ കുടുംബകോടതി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ കിണറിൽ പെട്രോൾ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് കെട്ടിട ഉടമ നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകിയിരുന്നു.

ജല അതോറിറ്റിയുടെ ലാബിൽ വീട്ടുടമകൾ നടത്തിയ പരിശോധനയിലും പെട്രോൾ തന്നെയാണ് കിണറുകളിൽ എത്തുന്നതെന്ന് തെളിഞ്ഞിരുന്നു. എന്നാൽ ചോർച്ച തടയാനുള്ള യാതൊരു നടപടികളും സർക്കാർ വകുപ്പുകൾ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.