p

കൊച്ചി: ആഘോഷ നിറവിലായിരുന്ന സർവകലാശാലാ ക്യാമ്പസ് ഒരൊറ്റ നിമിഷം കൊണ്ട് കണ്ണീർ കടലായി മാറിയ ദിവസം. ആഴക്കൂട്ടം കവർന്നെടുത്ത നാലു ജീവൻ. കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് വിഭാഗം നടത്തിയ 'ധിക്ഷണ’ ടെക് ഫെസ്റ്റിനിടെ നടന്ന ദുരന്തത്തിന് നാളെ ഒരാണ്ട് തികയും.

2023 നവംബർ 25 നാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്കായി എത്തിയ വിദ്യാർത്ഥികൾ കൂട്ടത്തോടെ മഴയെ തുടർന്ന് വൃത്താകൃതിയിലുള്ള ഓഡിറ്റോറിയത്തിലേക്ക് കയറിയതാണ് അപകടത്തിന് വഴിയൊരുക്കിയത്.
കുസാറ്റ് സ്‌കൂൾ ഒഫ് എൻജിയറിംഗിലെ ബിടെക് വിദ്യാർത്ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ അതുൽ തമ്പി (22), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ ആൻ റിഫ്റ്റ റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ വയലപ്പിള്ളിൽ സാറ തോമസ് (22) എന്നിവരും ഫെസ്റ്റ് കാണാനെത്തിയ പാലക്കാട് മുണ്ടൂർ എഴക്കാട് തൈപ്പറമ്പിൽ ആൽബിനുമാണ് (22) മരിച്ചത്. അപകടത്തിൽ 64 പേർക്കും പരുക്കേറ്റു.

നടപടികൾ പേരിനു മാത്രം

വിവിധ തലങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചു. സർവകലാശാല നടപടികളെടുത്തു. പക്ഷേ എല്ലാം പേരിനുമാത്രം. സിൻഡിക്കേറ്റ് ഉപസമിതി, പൊലീസ്, ഇന്റേണൽ എൻക്വയറി അങ്ങനെ അന്വേഷണം നീണ്ടു. ആകെ നടന്നത് സ്‌കൂൾ ഒഫ് എൻജിനിയറിംഗ് പ്രിൻസിപ്പാലിനെ മാറ്റിയതും നടത്തിപ്പുകാരിൽ നിന്ന് വിശദീകരണം വാങ്ങിയതും മാത്രമാണ്. സംഭവത്തിൽ ഒരു കേസ് ഹൈക്കോടതിയിലുമുണ്ട്.

ദുരന്തത്തിലേക്ക് വാപിളർന്ന്

നാല് ജീവനെടുത്ത കുസാറ്റിന്റെ ഓപ്പൺ എയർ ഓഡിറ്റോറിയം ഇന്നും ദുരന്തത്തിന്റെ സ്മാരകശിലയായി നിൽക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെതടക്കം പല തലത്തിലുള്ള പരിശോധനകളും വിലയിരുത്തലുകളും നടന്നു. ഓഡിറ്റോറിയം തുറന്ന് പ്രവർത്തിക്കാൻ പലവിധ നിർദ്ദേശങ്ങളും വന്നെങ്കിലും നടപ്പായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാത്രം തുറന്നു. കയർകെട്ടി ഇവിടേക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.