krishi
ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം എക്കോ ക്ളബിന്റെയും ജെ.ആർ.സിയുടെയും കീഴിൽ വിദ്യാർത്ഥികൾ ജൈവ പച്ചക്കറിക്കൃഷി പരിപാലനത്തിൽ

നെടുമ്പാശേരി: ചെങ്ങമനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പ്രധാന കവാടത്തിന്റെ ഇരുവശങ്ങളിലേയും തരിശിട്ട 10 സെന്റോളം സ്ഥലത്ത് ആരംഭിച്ച ജൈവ പച്ചക്കറികൃഷിയും ഫലവൃക്ഷങ്ങളും ഔഷധ ചെടികളും പച്ചപ്പിന്റെയും മികവിന്റെയും അടയാളമാകുന്നു. ഹൈസ്കൂൾ വിഭാഗം എക്കോ ക്ളബിന്റെയും ജൂനിയർ റെഡ് ക്രോസ് യൂണിറ്റിന്റേയും കീഴിൽ വിദ്യാർത്ഥികൾ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. നിരവധി ടിഷ്യൂ വാഴകൾ വിളവെടുപ്പിന് പാകമായി. നാടൻപയർ, ചേന, ചേമ്പ്, ചോളം, ചീര, വഴുതന, തക്കാളി, പച്ചമുളക്, ക്യാബേജ്, ക്വാളിഫ്ളവർ, മാവ്, പ്ളാവ്, റംബൂട്ടാൻ, പേര, കശുമാവ്, നെല്ലി തുടങ്ങിയവയും അത്യപൂർവ ഔഷധച്ചെടികളും ഇവിടെ സമൃദ്ധമായി വളരുന്നു.

എട്ട് എ, എട്ട് ബി ക്ളാസുകളിലെ 15 വീതം വിദ്യാർത്ഥികളാണ് കൃഷി സമ്പന്നമാക്കാൻ കർഷകവേഷമണിഞ്ഞത്. അദ്ധ്യാപകരുടെയും പി.ടി.എയുടെയും സഹകരണത്തോടെ കാർഷിക കൂട്ടായ്മ സൃഷ്ടിച്ചത്. ഇതിനകം പല കൃഷികളുടെയും വിളവെടുപ്പ് കഴിഞ്ഞു. പയറും, പച്ചക്കറിയും മറ്റും സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുകയായിരുന്നു. പഠനത്തിലും മികവ് തെളിയിച്ചവരാണ് കാർഷിക കൂട്ടായ്മയിലെ വിദ്യാർത്ഥികൾ.

സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന ബാക്കി സ്ഥലത്തും കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് എക്കോ ക്ളബ് അംഗങ്ങൾ. ഹെഡ്മാസ്റ്റർ പി.എസ്. അനിൽകുമാർ, സീനിയർ അസി. മേഴ്സി തോമസ്, അദ്ധ്യാപകരായ കെ.പി. പ്രസീത, എ.എസ്. ശ്രീജ, ബിനോയ്, സ്റ്റാഫ് സെക്രട്ടറി ടി.വി. സുനിൽകുമാർ തുടങ്ങിയവരാണ് മാർഗനിർദ്ദേശം നൽകുന്നത്.