
കൊച്ചി: ഭൂഉടമകളുടെ റവന്യു അവകാശങ്ങൾ എത്രയുംവേഗം പുനഃസ്ഥാപിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നുവെന്ന് മുനമ്പം ഭൂസംരക്ഷണ സമരസമിതി കൺവീനർ ജോസഫ് ബെന്നി പറഞ്ഞു.
തീരുമാനങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കാനാണ് ജുഡിഷ്യൽ കമ്മിഷനെ നിയമിച്ചതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഹൈക്കോടതിയിലെ കേസിൽ അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരാകണമെന്ന സമരസമിതിയുടെ ആവശ്യം അംഗീകരിക്കാമെന്ന ഉറപ്പിലും പ്രതീക്ഷയർപ്പിക്കുന്നു. നേരിട്ട് ചർച്ച നടത്താമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ജോസഫ് ബെന്നി പറഞ്ഞു.
സമരം തുടരും
മുനമ്പത്തെ വഖഫ് ഭൂമിപ്രശ്നം പരിഹരിക്കാൻ ജുഡിഷ്യൽ കമ്മിഷനെ നിയമിച്ച സർക്കാർ തീരുമാനത്തെ തുടർന്ന് ഇന്നലെ ചേർന്ന ഭൂമിസംരക്ഷണ സമിതിയുടെ അടിയന്തര പൊതുയോഗം സമരം തുടരാൻ തീരുമാനിച്ചു. പ്രശ്നം പരിഹരിക്കുന്നതുവരെ സമാധാനപരമായി സമരം നടത്തും. ഭൂഉടമകളുടെ അവകാശരേഖകൾ പരിശോധിക്കുന്നതിനോട് സമരസമിതിക്ക് യോജിപ്പില്ല. കമ്മിഷൻ നടപടികൾ മൂന്നുമാസംകൊണ്ട് തീർക്കാനാവില്ല. ഈ കാലയളവിൽ നിയമപ്രകാരം പ്രശ്നം പരിഹരിക്കാനുള്ള മറ്റുവഴികൾ തേടണമെന്നും പൊതുയോഗം അഭ്യർത്ഥിച്ചു. മുനമ്പം വേളാങ്കണ്ണി മാതാപള്ളി ഹാളിൽ ചേർന്ന യോഗത്തിൽ വികാരി ഫാ. ആന്റണി തറയിൽ അദ്ധ്യക്ഷനായി. കൺവീനർ ജോസഫ് ബെന്നി, ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, എസ്.എൻ.ഡി.പി യോഗം മുനമ്പം ശാഖാ പ്രസിഡന്റ് കെ.എൻ. മുരുകൻ എന്നിവർ സംസാരിച്ചു.