കൊച്ചി: അഞ്ചാംവയസിൽ കാറിടിച്ചു പരിക്കേറ്റ് പൂർണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടിരൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. മോട്ടോർ വാഹന ട്രൈബ്യൂണൽ വിധിച്ച 44.94 ലക്ഷം രൂപയ്ക്ക് പുറമെ ഇൻഷ്വറൻസ് കമ്പനി 84.87 ലക്ഷംരൂപകൂടി നഷ്ടപരിഹാരമായി നൽകണമെന്ന് നിർദ്ദേശിച്ചാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഉത്തരവ്. ഈ തുക നൽകുന്നതുവരെ 9 ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ബാല്യത്തിന് ഒന്നും പകരമാകില്ലെന്ന് വിലയിരുത്തിയാണ് ഇൻഷ്വറൻസ് തുക ഹൈക്കോടതി വർദ്ധിപ്പിച്ചത്.

മൂവാറ്റുപുഴ കാരിക്കൽ ജ്യോതിസ് രാജിനാണ് (അമ്പാടി 12) നഷ്ടപരിഹാരം അനുവദിച്ചിരിക്കുന്നത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടതിനെതിരെ ഇൻഷ്വറൻസ് കമ്പനി നൽകിയ അപ്പീൽ തള്ളിയാണ് ഉത്തരവ്. ട്രിബ്യൂണൽ അനുവദിച്ച നഷ്ടപരിഹാരത്തുക പര്യാപ്തമല്ലെന്ന് കാട്ടി കുട്ടിയുടെ പിതാവ് രാജേഷും അപ്പീൽ നൽകിയിരുന്നു. മെഡിക്കൽ റിപ്പോർട്ടിൽ കുട്ടിക്ക് 77 ശതമാനം വൈകല്യം ഉണ്ടെന്നാണ് പറയുന്നത്. എന്നാൽ ഹൈക്കോടതി 100 ശതമാനവും വൈകല്യമുള്ളതായി കണക്കാക്കിയാണ് ഉയർന്ന തുക അനുവദിച്ചത്. കുട്ടിയെ പരിചരിക്കുന്നതിനുള്ള ചെലവിലേക്ക് രണ്ട് പേർക്കായി 37.80 ലക്ഷം രൂപ, അപകടം മൂലം അനുഭവിച്ച വേദനയ്ക്കും ദുരിതത്തിനുമായി 15 ലക്ഷം രൂപ, ഭാവി ചികിത്സയ്ക്കായി മൂന്ന് ലക്ഷം രൂപ എന്നിങ്ങനെയാണ് കണക്കാക്കിയത്. സർക്കാർ കുറഞ്ഞ ശമ്പളമായി നിശ്ചയിച്ചിരിക്കുന്ന 17,325 രൂപ കുട്ടിയുടെ വരുമാനമായി കണക്കാക്കിയാണ് നഷ്ടപരിഹാരം തിട്ടപ്പെടുത്തിയിരിക്കുന്നത്.

2016 ഡിസംബർ മൂന്നിനായിരുന്നു മേക്കടമ്പ് പഞ്ചായത്തിന് സമീപം അപകടം ഉണ്ടായത്. ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നവരിലേയ്ക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറുകയായിരുന്നു. ആനകുത്തിയിൽ രാധ (60), രജിത (30), നിവേദിത (6) എന്നിവർ അന്ന് മരിച്ചിരുന്നു. മരിച്ച രാധയുടെ മകൾ പ്രീജ, പ്രീജയുടെ മക്കളായ ജ്യോതിസ് രാജ്, ശ്രേയ എന്നിവർക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു.