കൊച്ചി: മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് ആഴക്കടലിൽ മുങ്ങിയ സംഭവത്തിൽ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഇന്നലെയും കണ്ടെത്താനായില്ല. നാവിക സേനയുടെ നേതൃത്വത്തിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം നടന്ന സംഭവത്തിൽ സ്രാങ്ക് തമിഴ്‌നാട് സ്വദേശി ജെനിഷ്‌മോനെയും (30) ഉത്തരേന്ത്യൻ സ്വദേശിയെയുമാണ് കാണാതായത്. ഗോവയിൽനിന്ന് 70 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബാക്കി 11 പേരെ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഇവർ ഗോവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ നാവികസേനയുടെ സ്‌കോർപിയൻ ക്ലാസ് മുങ്ങിക്കപ്പലുമായാണ് കൂട്ടിയിടിച്ചതെന്നാണ് സൂചന. കഴിഞ്ഞ 15നാണ് മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനായി തിരിച്ചത്. പള്ളിപ്പുറം കാവാലംകുഴി ലിജു മൈക്കിളിന്റെ ഉടമസ്ഥതയിലുള്ള മാർത്തോമ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.
അതേസമയം, തെരച്ചിന് വേഗം കൂട്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഗോവൻ ഫീഷറീസ് സെക്രട്ടറിക്ക് കത്ത് നൽകി. ഫീഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരും ഗോവയിലേക്ക് തിരിച്ചു. ബോട്ടുടമ ലിജു മൈക്കിൾ ഗോവയിൽ എത്തിയിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് പരിക്കുകളില്ല. അന്യസംസ്ഥാനക്കാരായ ഇവർ വൈകാതെ ആശുപത്രി വിടും. ബോട്ടിൽ മലയാളികൾ ആരുമുണ്ടായിരുന്നില്ല. ആറ് കപ്പലുകളും നാവികസേനയുടെ നിരീക്ഷണവിമാനങ്ങളും സ്ഥലത്തെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്.