1
എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നേതൃത്വ പഠനക്യാമ്പും ഗുരുസ്പർശം ഭവനപദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനവും പള്ളുരുത്തിയിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: മുനമ്പം വഖഫ് ഭൂമി പ്രശ്നം എത്രയുംവേഗം പരിഹരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു. എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ നടന്ന ഏകദിന നേതൃത്വ പഠനക്യാമ്പും ഗുരുസ്പർശം ഭവനപദ്ധതിയുടെ മൂന്നാംഘട്ട ഉദ്ഘാടനവും നി​ർവഹി​ക്കുകയായി​രുന്നു അദ്ദേഹം.

ഒരു മതത്തിന് മാത്രം ബാധകമാകേണ്ട നിയമംമൂലം രാജ്യത്ത് ലക്ഷക്കണക്കിനാളുകളാണ് ദുരിതം നേരിടുന്നത്. അന്യായമായ ഒട്ടേറെ വ്യവസ്ഥകൾ നിയമത്തിലുണ്ട്. കേരള വഖഫ് ബോർഡിന് അമിതാധികാരങ്ങൾ പ്രയോഗിക്കാനുള്ള സാഹചര്യങ്ങളുമുണ്ട്. ഈ നിയമത്തിന്റെ പേരിൽ നരകയാതന അനുഭവിക്കുന്ന മുസ്ളീങ്ങളുമുണ്ട്. മുനമ്പത്തെ പാവപ്പെട്ട ജനങ്ങൾ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് വഖഫ് ഭൂമിയാക്കിയത്. പണം വാങ്ങിയ കോഴിക്കോട് ഫാറൂക്ക് കോളേജിനെതിരെ വഖഫ് ബോർഡ് നടപടിയെടുക്കുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

സംഘടിച്ച് ശക്തരാകുവാൻ സാധിക്കാത്തതാണ് ശ്രീനാരായണീയരുടെ പിന്നാക്കാവസ്ഥയ്ക്ക് കാരണം. ഒന്നിച്ചുനിന്ന് അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ കഴിയണം. ന്യൂനപക്ഷങ്ങൾക്ക് അത് സാധിക്കും. വോട്ടുബാങ്കുകളായതിനാൽ അവർ ചോദിക്കുന്നതിലേറെ നൽകാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മടിയില്ല. തമ്മിൽത്തല്ലുന്ന നമ്മുടെ വോട്ടുകൾ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് നാം അവഗണിക്കപ്പെടുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യൂണിയൻ പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷനായി.

എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.ടി. മൻമഥൻ, ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ ക്ലാസ് നയിച്ചു. ഗുരുസ്പർശം ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് ആറാമത്തെ വീടാണ് യൂണിയൻ നിർമ്മിച്ചു നൽകുന്നത്. ചടങ്ങിൽ വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും നടത്തി. എസ്.ഡി.പി.വൈ പ്രസിഡന്റ് കെ.വി. സരസൻ, യൂണിയൻ വൈസ് പ്രസിഡന്റ് സി.പി. കിഷോർ, ഭവാനീശ്വര ദേവസ്വം മാനേജർ കെ.ആർ. മോഹനൻ, കൊച്ചി യൂണിയൻ സെക്രട്ടറി ഷൈൻ കൂട്ടുങ്കൽ, യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. ടെൽഫി, യൂണിയൻ കൗൺസിലർമാരായ ടി.വി. സാജൻ, എ.ബി. ഗിരീഷ്, ഡോ അരുൺ അംബു, ഇ.വി. സത്യൻ, ഷിജു ചിറ്റേപ്പിള്ളി, അർജുൻ അരമുറി, സൈനി പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.