പറവൂർ: ജോലിക്കിടെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് കെ.എസ്.ഇ.ബി കരാർ ജീവനക്കാരന് പൊള്ളലേറ്റു. കൂനമ്മാവ് സ്വദേശി അക്ഷയിനാണ് (27) ഗുരുതരമായി പൊള്ളലേറ്റത്. ഇന്നലെ രാവിലെ 11.30ന് മന്നം സബ് സ്റ്റേഷനിലാണ് സംഭവം. തകരാറിലായ ട്രാൻസ്ഫോർമറിന്റെ അറ്റകുറ്റപ്പണികൾ ഉദ്യോഗസ്ഥർക്കൊപ്പം ചെയ്യുകയായിരുന്നു അക്ഷയ്. തകരാർ പരിഹരിച്ച ശേഷം ഉദ്യോഗസ്ഥർ മടങ്ങി. തകരാർ പരിഹരിച്ച ട്രാൻസ്ഫോർമറിന് അനുബന്ധമായി സി.ടി ട്രാൻസ്ഫോർമറുകളുണ്ട്. ഇതിൽ ഒരെണ്ണം പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിനുള്ളിൽ തിളച്ചു കിടന്നിരുന്ന ഓയിലും പൊട്ടിത്തെറിയുടെ ഭാഗമായുണ്ടായ തീനാളങ്ങളും അക്ഷയുടെ ശരീരത്തിലേക്ക് തെറിച്ചു വീണതിനെ തുടർന്നാണ് പൊള്ളലേറ്റത്. പരിക്കേറ്റ ഇയാളെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചു. ശരീരത്തിന് 40 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.