
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. 29 ന് കൊടിയേറി ഡിസംബർ ആറിന് സമാപിക്കുന്ന ഉത്സവം ഇക്കുറി കൊച്ചി ദേവസ്വം ബോർഡ് നേരിട്ടാണ് നടത്തുന്നത്.
1.5 കോടിയിലേറെ ചെലവ് പ്രതീക്ഷിക്കുന്ന ഉത്സവം പരാതി രഹിതമാക്കാനുള്ള ദേവസ്വത്തിന്റെ ശ്രമങ്ങൾക്ക് ഭക്തജനങ്ങളുടെ പൂർണ പിന്തുണ അഭ്യർത്ഥിച്ചു.
ഉത്സവം കഴിഞ്ഞ് 24 മണിക്കൂറിനകം ഭക്തജനങ്ങളുടെ സഹകരണത്തോടെ പരിസരം ശുചിയാക്കും. ഉത്സവനാളുകളിൽ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് കടക്കാനുള്ള ഫ്ലൈ ഓവർ, സ്റ്റാച്യുവിന് സമീപത്തെ കൂറ്റൻ കമാനം എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.
35 ആനകൾ, ക്രമീകരിച്ച് എഴുന്നള്ളിപ്പ്
നിയമപരമായ സാദ്ധ്യതകൾ പരിശോധിച്ച് മുൻ വർഷങ്ങളിലെ പോലെ ആന എഴുന്നള്ളിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തും. രാവിലെയും വൈകിട്ടും 15 ആനകൾ വീതം ആവശ്യമുള്ള എട്ടു ദിവസത്തെ ഉത്സവത്തിന് 35 ആനകളെ തയ്യാറാക്കിയിട്ടുണ്ട്. നിലവിലെ നിയമങ്ങൾ അനുശാസിക്കുന്ന രീതിയിലുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ആനകൾക്ക് ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
200ലേറെ വളന്റിയർമാർ
ഇത്തവണ മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ സുരക്ഷയ്ക്കായി ഇരുന്നൂറിൽപരം വളന്റിയർമാർ അത്രയും തന്നെ സെക്യൂരിറ്റി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തും പുറത്തും സി.സി ടി.വി ക്യാമറകൾ സ്ഥാപിച്ചു കഴിഞ്ഞു.
പെയിന്റിംഗ്, പന്തൽ നിർമ്മാണം, ശുചീകരണം എന്നിവ 90 ശതമാനം പൂർത്തിയായി. ഹരിത പ്രോട്ടോകോൾ പാലിച്ചാണ് ഉത്സവത്തിന്റെ നടത്തിപ്പ്.
ആർ. രഘുരാമൻ
ദേവസ്വം ഓഫീസർ