
ആലുവ: ജോലി സംബന്ധമായ മാനസീക സംഘർഷം ലഘൂകരിക്കാൻ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ കുടുംബ സമ്മേതം ഉല്ലാസയാത്ര നടത്തിയപ്പോൾ കണ്ടെത്തിയത് കാക്കിക്കുള്ളിലെ നിരവധി കലാകാരന്മാരെയാണ്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ അനുമതിയോടെ ഡി.സി.ആർ.ബി ഡിവൈ.എസ്.പി അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലാണ് 10 പൊലീസ് ഉദ്യോഗസ്ഥരും കുടുംബവും ശനിയാഴ്ച്ച മൂന്നാർ ഗ്യാപ്പ് റോഡിൽ ഉല്ലാസയാത്ര പോയത്. യാത്രക്കിടയിൽ ഉദ്യോഗസ്ഥരായ അമലും അഭിജിത്തും വാഹനത്തിലെ മൈക്ക് കൈയിലെടുത്ത് പാട്ട് തുടങ്ങി. പിന്നെ ആലുവ മുതൽ മൂന്നാർ വരെയും തിരിച്ചും ഇവരുടെ പാട്ടും മേളവുമായിരുന്നു. ഇടയ്ക്ക് കഥയും കവിതയുമായി മറ്റുള്ളവരും ഒപ്പം കൂടിയപ്പോൾസമയം പോയതും അറിഞ്ഞില്ല. മേലുദ്യോഗസ്ഥനെന്നോ കീഴുദ്യോഗസ്ഥരെന്നോ വേർതിരിവില്ലാതെ എല്ലാവരും സുഹൃത്തുക്കളെ പോലെ ഇടപെടുകയായിരുന്നു.
 ഡി.സി.ആർ.ബി വിഭാഗം
റൂറൽ ജില്ലയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ വിവരങ്ങൾ കൃത്യമായി പരിശോധിക്കുകയും ആവശ്യമായ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുന്നതുമെല്ലാം ഡി.സി.ആർ.ബി വിഭാഗമാണ്. അതിനാൽ മറ്റേത് വിഭാഗത്തിനേക്കാളും ഉത്തരവാദിത്വവും മാനസിക സംഘർഷവും അനുഭവിക്കുന്നവരാണ് ഡി.സി.ആർ.ബി ഉദ്യോഗസ്ഥർ. ഓഫീസിൽ അത്യാവശ്യം ജീവനക്കാരെ നിയോഗിച്ച ശേഷമായിരുന്നു യാത്ര.
എസ്.പിയുടെ അനുമതിയോടെയുള്ള യാത്ര ഉദ്യോഗസ്ഥർക്ക് ആത്മാർത്ഥമായി ജോലി ചെയ്യുന്നതിന് 'പ്രേരണയാകും.
അബ്ദുൾ റഹീം
ഡിവൈ.എസ്.പി