p

കൊച്ചി: മലയാളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നോവൽ പൂർത്തിയാക്കി സുസ്‌മേഷ് ചന്ത്രോത്ത്. 44 വർഷം മുമ്പ് ഇറങ്ങിയ വിലാസിനിയുടെ (എം.കെ. മേനോൻ) 3,​958 പേജുള്ള 'അവകാശികൾ"ക്കു ശേഷമുള്ള ഏറ്റവും വലിയ നോവലാണ് 1,​112 പേജുള്ള 'വഴിച്ചെണ്ട".

മലപ്പുറം എളയൂർ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ 1970 മുതൽ 2020 വരെയുള്ള അരനൂറ്റാണ്ടിലെ സാമൂഹിക ജീവിതത്തിലേക്കാണ് നോവൽ കൂട്ടിക്കൊണ്ടുപോകുന്നത്. മതം ഏതായാലും പിന്നാക്ക-ദളിത് വിഭാഗത്തിന്റെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാണെന്നു പറയുന്ന നോവൽ തമിഴ്‌നാട്, കർണാടകം, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സാമൂഹിക ജീവിതത്തിലൂടെ കടന്നുപോകുന്നു. പുതപ്പ്, അടിക്കുപ്പായം, പുറംകുപ്പായം, നഗ്നത എന്നിങ്ങനെ നാലു ഭാഗങ്ങളുള്ള നോവലിൽ നൂറിലേറെ കഥാപാത്രങ്ങളുമുണ്ട്. ഏഴു വർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. സുസ്‌മേഷിന്റെ ഒമ്പതാമത്തെ നോവലാണിത്. പ്രകാശനം ഈ മാസം 30ന്. സാധാരണ പുസ്തകത്തേക്കാൾ നീളവും വീതിയുമുള്ളതിനാലാണ് 1,112 പേജിലൊതുങ്ങിയതെന്നും അല്ലെങ്കിൽ 1,500 പേജാകുമായിരുന്നെന്നും സുസ്മേഷ് പറഞ്ഞു.

ആദ്യനോവലായ 'ഡി" 2004ലാണ് പുറത്തിറങ്ങിയത്. 9, പേപ്പർ ലോഡ്ജ്, ആത്മച്ഛായ, ദേശത്തിന്റെ രതിഹാസം തുടങ്ങിയ നോവലുകൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു.

ടി. പദ്മനാഭനെ താരമാക്കി

നളിനകാന്തി സിനിമ

ചെറുകഥ, നോവൽ, തിരക്കഥ, നാടകം, ബാലസാഹിത്യം എന്നിങ്ങനെ എഴുത്തിന്റെ സകല മേഖലകളിലും കൈവച്ച സുസ്‌മേഷ്, സാഹിത്യകാരൻ ടി. പദ്മനാഭനെക്കുറിച്ചുള്ള നളിനകാന്തി എന്ന സിനിമ അടുത്തിടെയാണ് പുറത്തിറക്കിയത്. പദ്മനാഭനും ഇതിൽ അഭിനയിക്കുന്നുണ്ട്. മലയാളി ചിത്രകാരി ടി.കെ. പത്മിനിയെക്കുറിച്ചുള്ള പത്മിനി എന്ന സിനിമയും സംവിധാനം ചെയ്തു.

ഒരു പ്രമേയം ആസ്വാദകർക്ക് ഗ്രഹിക്കാൻ ഏറ്റവും നല്ല മാദ്ധ്യമം സിനിമയാണെങ്കിലും 'വഴിച്ചെണ്ട" സിനിമയാക്കാൻ ഉദ്ദേശ്യമില്ലെന്ന് സുസ്‌മേഷ് പറഞ്ഞു. ചില നോവലുകൾ അങ്ങനെതന്നെയാകുന്നതാണ് നല്ലത്. നോവലായാലും സിനിമയായാലും സ്വാഭാവികമായി സംഭവിക്കണമെന്ന് നിർബന്ധമുണ്ടെന്നും പറഞ്ഞു. കണ്ണൂർ സ്വദേശിയായ സുസ്മേഷ് കൊൽക്കത്തയിലാണ് താമസം.


മറ്റു സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്നുണ്ടെങ്കിലും മലപ്പുറത്താണ് ഈ 'വഴിച്ചെണ്ട" യുടെ ഉടൽ. അനൂപ് എന്ന കേന്ദ്രകഥാപാത്രത്തിന്റെ മദ്ധ്യവയസ് വരെയുള്ള കാലഘട്ടമാണ് ആവിഷ്‌കരിച്ചത്.

സുസ്‌മേഷ് ചന്ത്രോത്ത്