പറവൂർ: കെടാമംഗലം പടിക്കൽ ദേവീക്ഷേത്രത്തിന്റെ ഓഫീസ് മുറി കുത്തിതുറന്ന് മോഷണം. ശനി രാവിലെ ക്ഷേത്ര പരിസരം വൃത്തിയാക്കാനെത്തിയവരാണ് ഓഫീസിന്റെ വാതിൽ തുറന്ന് കിടക്കുന്നതായും അലമാര കുത്തിത്തുറന്നിട്ട നിലയിലും കണ്ടത്. അലമാരയിൽ സൂക്ഷിച്ചിരുന്ന മാലകളടക്കം ഏഴ് പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു. രണ്ട് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാസത്തിൽ ഒരു ദിവസമാണ് ക്ഷേത്രത്തിൽ പൂജയുള്ളത്.