 
ആലുവ: പുതിയ സാഹചര്യത്തിനനുസരിച്ച് വായനയെ ചിട്ടപ്പെടുത്തണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി ആലുവ യു.സി കോളേജിൽ സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വായനയും,പുസ്തകവും മരിച്ചിട്ടില്ല. വായനയുടെ പുതിയ രൂപങ്ങൾ വരികയാണ്. വായനയിലേക്കും എഴുത്തിലേക്കും ചാറ്റ് ജി.പി.ടി പോലുള്ള എ.ഐ സംവിധാനങ്ങൾ കടന്നുവരുന്നു. പഴയ ചിന്തകളും ധാരണകളും പുതുക്കാൻ വായന ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്‌ണൻ അദ്ധ്യക്ഷനായി. എഴുത്തുകാരൻ വിനോദ് കൃഷ്ണ മുഖ്യാതിഥിയായി. സതീശ് സൂര്യൻ എഴുതിയ 'മതരാഷ്ട്രവാദത്തിന്റെ ശിലകൾ' എന്ന പുസ്തകം മന്ത്രി പി. രാജീവ്, ഡോ. കെ.വി. കുഞ്ഞികൃഷ്‌ണന് നൽകി പ്രകാശിപ്പിച്ചു. യു.സി കോളേജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് വായനസന്ദേശം നൽകി. സെക്രട്ടറി എം.ആർ. സുരേന്ദ്രൻ, കെ.പി. രാമചന്ദ്രൻ, സിന്ധു ഉല്ലാസ്, എസ്.എ.എം. കമാൽ എന്നിവർ സംസാരിച്ചു. പി. തമ്പാൻ, ഷെറീന ബഷീർ, കെ. രവിക്കുട്ടൻ, സിന്ധു ഉല്ലാസ്, കെ.സി. വത്സല എന്നിവർ അക്ഷരദീപം തെളിയിച്ചു.
ഇന്ന് രാവിലെ 10ന് ഡോ. ജി. രശ്മി, കെ.എസ്. അനിൽകുമാർ എന്നിവരുടെ 'അവളിലേക്കുള്ള ദൂരം' പുസ്തക സംവാദം, നിർമ്മിതബുദ്ധി, വൈക്കം സത്യാഗ്രഹം എന്നീ വിഷയങ്ങളിൽ സെമിനാറുകൾ എന്നിവ നടക്കും. നാളെ രാവിലെ 10ന് കുമാരനാശാൻ അക്ഷരശ്ലോക കാവ്യകേളിയും, സെമിനാറും നടക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം സി.ബി. ദേവദർശനൻ ഉദ്ഘാടനം ചെയ്യും. കേരള സർവ വിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ് മുഖ്യാതിഥിയാകും.