onjithod-
ഓഞ്ഞിത്തോട്

കെ.സി. സ്മിജൻ

ആലുവ: പെരിയാറിന്റെ കൈവഴിയായ ഓഞ്ഞിത്തോടിലെ കൈയേറ്റങ്ങൾ റീ സർവേയിൽ കണ്ടെത്തിയിട്ടും വീണ്ടെടുക്കാൻ കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമപഞ്ചായത്തുകൾ തയ്യാറാകുന്നില്ല. ഇതോടെ കൈയേറ്റക്കാർക്ക് അധികൃതർ ഒത്താശ ചെയ്യുകയാണെന്നാണ് ആക്ഷേപം ശക്തമായി. പഞ്ചായത്തുകളുടെ നിഷേധാത്മക നിലപാടുകളെ തുടർന്ന് ഓഞ്ഞിത്തോട് സംരക്ഷണ സമിതി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. സ്വകാര്യ വ്യക്തികൾ മാത്രമല്ല ഉടമകളായ ഇരു പഞ്ചായത്തുകളും പൊതുമരാമത്തു വകുപ്പും ചേർന്ന് തോട് കൈയേറി നിർമ്മിച്ച ടാർ റോഡുകളും ഉൾപ്പെടും. കടുങ്ങല്ലൂർ എലൂക്കര ഫെറി റോഡിന്റെ കൈയേറ്റ ഭാഗത്ത് ടൈൽ ഇടൽ പദ്ധതിയും നടക്കുകയാണ്. കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നാണ് ഓഞ്ഞിത്തോട് സംരക്ഷണ സമിതി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതി നിർദ്ദേശപ്രകാരം (ഡബ്ല്യു.പി 9562/2021) 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ നടത്തിയ റീസർവേയിൽ കേവലം 3.5 ഏക്കർ ഉണ്ടായിരുന്ന ഓഞ്ഞിത്തോട് 100 ഏക്കറായാണ് ജില്ല കളക്‌ടറുടെ സ്പെഷ്യൽ സർവേ ടീം വീണ്ടെടുത്തത്. രൂപരേഖ തയ്യാറാക്കിയപ്പോൾ 19.4 കിലോമീറ്റർ നീളമുള്ള തോടിൽ ഇരു പഞ്ചായത്തുകളിലുമായി 64 കൈയേറ്റങ്ങൾ കണ്ടെത്തി.

കേരള പഞ്ചായത്ത് രാജ് നിയമപ്രകാരം കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിൽ പഞ്ചായത്തുകൾ കൃത്യവിലോപം തുടരുകയാണ്. മലിനീകരിക്കപ്പെട്ട. നീരൊഴുക്കു നിലച്ച ഓഞ്ഞിത്തോടിനെ കൈയേറ്റക്കാരുടെ പിടിയിൽ നിന്ന് രക്ഷിച്ച് കൈവെള്ളയിൽ വച്ചുകൊടുത്തിട്ടും കടുങ്ങല്ലൂർ, ആലങ്ങാട് ഗ്രാമ പഞ്ചായത്തുകൾക്ക് അതിർത്തി കല്ലിടൽ പൂർത്തിയാക്കാൻ കഴിയുന്നില്ല.

കെ.എസ്. പ്രകാശ്

കൺവീനർ

ഓഞ്ഞിത്തോട്

സംരക്ഷണ സമിതി