
കൊച്ചി: സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും മറികടന്ന് പ്രാരംഭ ഓഹരി വിൽപ്പന(ഐ.പി.ഒ) വിപണി ആവേശത്തോടെ മുന്നേറുന്നു. ഡിസംബറിൽ പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ വിപണിയിൽ നിന്ന് പണം സമാഹരിക്കാൻ പത്ത് കമ്പനികളാണ് തയ്യാറെടുക്കുന്നത്. സൂപ്പർമാർക്കറ്റ് ശൃംഖലയായ വിശാൽ മെഗാമാർട്ട്, ബ്ളാക്ക്സ്‌റ്റോൺ പിന്തുണയുള്ള ഡയമണ്ട് ഗ്രേഡിംഗ് കമ്പനിയായ ഇന്റർനാഷണൽ ജെമ്മോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് എന്നിവയടക്കമുള്ള കമ്പനികൾ ഓഹരി വിൽപ്പനയിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനമായ അവാൻസ് ഫിനാൻഷ്യൽ സർവീസസ്, ടി.പി.ജി കാപ്പിറ്റലിന്റെ പിന്തുണയുള്ള സായ് ലൈഫ് സയൻസസ്, ആശുപത്രി ശൃംഖലയായ പരസ് ഹെൽത്ത്‌കെയർ, ഇൻവെസ്‌റ്റ്‌മെന്റ് ബാങ്കായ ഡി.എ.എം കാപ്പിറ്റൽ അഡ്‌വൈസേഴ്‌സ് എന്നിവയാണ് ഐ.പി.ഒയ്ക്ക് ഒരുങ്ങുന്ന മറ്റ് പ്രമുഖ കമ്പനികൾ.
വിശാൽ മെഗാമാർട്ട്
മുഖ്യ പ്രൊമോട്ടർ സമയാത്ത് സർവീസസ് എൽ.എൽ.പിയുടെ പത്ത് ശതമാനത്തിനടുത്ത് ഓഹരികൾ വിറ്റഴിച്ച് 8,000 കോടി രൂപ സമാഹരിക്കാനാണ് വിശാൽ മെഗാമാർട്ട് ഒരുങ്ങുന്നത്.
ജെമ്മോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട്
ബ്ളാക്ക്സ്‌റ്റോണിന്റെ ഉപകമ്പനിയായ ബി.സി.പി ഏഷ്യയുടെ കൈവശമുള്ള ഓഹരികളിൽ ഒരു ഭാഗം വിറ്റഴിച്ച് 4,000 കോടി രൂപ സമാഹരിക്കാനാണ് ജെമ്മോളജിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ട് ലക്ഷ്യമിടുന്നത്.
അവാൻസ് ഫിനാൻഷ്യൽ സർവീസസ്
ഒലീവ് വൈൻ ഇൻവെസ്‌റ്റ്‌മെന്റ് പ്രൊമോട്ടർമാരായ അവാൻസ് ഫിനാൻഷ്യൽ സർവീസസ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ 3,500 കോടി രൂപയാണ് സമാഹരിക്കുന്നത്.