poyali
പോയാലിമല

മൂവാറ്റുപുഴ: ഏറെക്കാലമായി കാത്തിരിക്കുന്ന പോയാലി ടൂറിസം പദ്ധതിക്ക് പുതുജീവൻ വയ്ക്കുന്നു. വിവിധ കക്ഷികളുടെേയും വ്യക്തികളുടേയും താത്പര്യങ്ങളെ തുടർന്ന് സ്‌തംഭിച്ചു പോയെന്ന് കരുതിയ പദ്ധതിക്കാണ് പുതുജീവൻ വച്ചിരിക്കുന്നത്. പായിപ്ര ഗ്രാമ പഞ്ചായത്ത് തയാറാക്കിയ വിശദമായ പദ്ധതി രേഖ ടൂറിസം വകുപ്പ് അംഗീകരിച്ചു. പദ്ധതിയുടെ പ്രാഥമിക നിർമ്മാണ പ്രവർത്തനങ്ങൾക്കായി 99 ലക്ഷം രൂപയും അനുവദിച്ചു. പോയാലി പദ്ധതിയുടെ ഭാഗമായി മലയിൽ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കൈവരികൾ എന്നിവ നിർമിക്കുന്നതിനാണു തുക അനുവദിച്ചിരിക്കുന്നത്. പദ്ധതിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി റവന്യു വകുപ്പിൽ നിന്ന് 50 സെന്റ് സ്ഥലം ടൂറിസം വകുപ്പിന് കൈമാറിയിട്ട് 1 വർഷം പിന്നിട്ടിട്ടും പദ്ധതി ഒരടി പോലും മുന്നോട്ടു പോയിരുന്നില്ല. സമുദ്ര നിരപ്പിൽ നിന്ന് 600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പോയാലി മലയിലേക്ക് എത്താൻ കഴിയുന്ന റോഡ്, റോപ് വേ, മലമുകളിലെ വ്യൂ പോയിന്റുകളിലെ കാഴ്‌ച സൗകര്യങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ, മലമുകളിലെ അത്ഭുത കിണറിന്റെയും കാൽപാദത്തിന്റെയും വെള്ളച്ചാട്ടത്തിന്റെയും കൽച്ചിറകളുടെയും സംരക്ഷണം, ഉദ്യാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി പദ്ധതി വിഭാവനം ചെയ്തിരുന്നത്.

പോയാലിമലയിലേക്കുള്ള റോഡ്, ശുദ്ധജല പദ്ധതി, വിളക്കുകൾ എന്നിവ ഒരുക്കാനുള്ള തുക പഞ്ചായത്ത് കണ്ടെത്തും. കാലതാമസം കൂടാതെ പദ്ധതി നടപ്പാക്കാൻ കഴിയും

പി.എം അസീസ്

പ്രസിഡന്റ്

പായിപ്ര പഞ്ചായത്ത്