കോലഞ്ചേരി: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്യാൻ കിണറിൽ ചാടിയ ഗൃഹനാഥനെയും രക്ഷിക്കാനിറങ്ങി കുടുങ്ങിയ അന്യ സംസ്ഥാന താെഴിലാളിയെയും പട്ടിമറ്റം ഫയർ ഫോഴ്സ് രക്ഷിച്ചു. പൂതൃക്ക പഞ്ചായത്ത് ചെമ്മല കോളനിയിലെ പാലക്കുഴി വീട്ടിൽ രാജേഷാണ് (44) കിണറ്റിലേയ്ക്ക് ചാടിയത്. ഇയാളുടെ ഭാര്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ താമസക്കാരനായ ബംഗാൾ സ്വദേശി സോനു രക്ഷിക്കാനായി കിണറിലേയ്ക്ക് ചാടുകയായിരുന്നു. ആഴമുള്ള കിണറിൽ മുങ്ങിതാഴ്ന്ന രാജേഷിനെ സോനു കൈയിൽ തൂക്കിയെടുത്ത് മുങ്ങാതെ പൊക്കി നിർത്തി. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് സംഭവം. ഇരുവരേയും കരയ്ക്ക് കയറ്റാൻ നാട്ടുകാർ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. പട്ടിമറ്റം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ സംഘം വല കിണറ്റിലിറക്കി ഇരുവരേയും സുരക്ഷിതമായി കരയ്ക്കെത്തിച്ചു. ഇരുവർക്കും കാര്യമായ പരിക്കില്ല.