bava
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വടക്കൻ മേഖല സമ്മേളനവും യുവജനറാലിയും പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സഭയുടെ ഐക്യവും സമാധാനവും നിലനിർത്തുവാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. ഓർത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ വടക്കൻ മേഖല സമ്മേളനവും യുവജനറാലിയും പുത്തൻകുരിശ് സെന്റ് പീ​റ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലങ്കരസഭ എന്നും ഐക്യത്തിനും സമാധാനത്തിനും വേണ്ടി നിലകൊണ്ടിട്ടുള്ള സഭയാണ്. മലങ്കര സഭക്കെതിരെ വരുന്ന പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തും ബോദ്ധ്യവും സഭയ്ക്കുണ്ടെന്നും ബാവ വ്യക്തമാക്കി. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ. ഗിവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. ഫാ. ജോസ് തോമസ് പൂത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തി. മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പയെ ആദരിച്ചു. സഭാ വർക്കിംഗ് കമ്മി​റ്റി അംഗം ഫാ. ജേക്കബ് കുര്യൻ, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ഫാ. ജിത്തു മാത്യു ഐക്കരക്കുന്നത്ത്, തോമസ് പോൾ റമ്പാൻ, ഫാ. പോൾ ജോൺ കോനാട്ട്, ഗ്ലാഡ്‌സൺ കെ. ചാക്കോ, ചെറിയാൻ വർഗീസ്, പോൾ, നിഖിൽ കെ. ജോയ് എന്നിവർ സംസാരിച്ചു.