ആലുവ: മയക്കുമരുന്നിനെതിരെപോരാട്ടം ഊർജ്ജിതമാക്കി എറണാകുളം റൂറൽ ജില്ലാ പൊലീസ്. ഓപ്പറേഷൻ ക്ലീൻ എറണാകുളം റൂറൽ പദ്ധതിയിൽ കഴിഞ്ഞ ജനുവരി മുതൽ ഒക്ടോബർ വരെ 1582 മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. 1739 പേരെ അറസ്റ്റ് ചെയ്തു. 202 കിലോഗ്രാം കഞ്ചാവ് പിടികൂടി. ഇതിൽ 100 കിലോഗ്രാം തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പിടികൂടിയത്. പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടര കിലോഗ്രാമോളം എം.ഡി.എം.എയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിയത്. മയക്കുമരുന്നിന്റെ കടത്ത് തടയുന്നതിന്റെ ഭാഗമായുള്ള മുൻകരുതൽ തടങ്കലായ പിറ്റ് എൻ.ഡി.പി.എസിൽ ഉൾപ്പെടുത്തി ഒമ്പതു പേരെ ജയിലിലടച്ചു. സോഷ്യൽ മീഡിയ ക്യാമ്പയിൻ ഉൾപ്പെടെ നിരവധിയായ ബോധവത്കരണ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി നടത്തുമെന്ന് മയക്കുമരുന്ന് വേട്ടയ്ക്ക് ചുക്കാൻ പിടിക്കുന്ന ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേന പറഞ്ഞു.