1

ഫോർട്ട് കൊച്ചി: ഡെങ്കി പനി ബാധിച്ച് വിദേശി മരിച്ചതോടെ ടൂറിസം മേഖല തകരുമെന്ന പേടിയിലാണ് വ്യാപാരികൾ. അയർലാൻഡ് സ്വദേശി റയ് സാദ് (75)​ ആണ് മരണപ്പെട്ടത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ ഫോർട്ട് കൊച്ചിയിൽ താമസിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ടൂറിസം മേഖല കാണാൻ വന്ന മറ്റൊരു വിദേശി കാന നിർമ്മാണ സ്ഥലത്ത് വീണ് കാലൊടിഞ്ഞു. ഇതിന് മുൻപ് ഇവിടെ എത്തിയ മറ്റൊരു വിദേശിയെ നായ കടിച്ചതും വിദേശികൾക്കിടയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. കൊവിഡ്, സുനാമി, പ്രളയം തുടങ്ങിയവയിൽ നിന്ന് ടൂറിസം മേഖല രക്ഷപ്പെട്ട് വരുന്നതിനിടയിലാണ് ഇപ്പോൾ ഡങ്കിപനിയും തെരുവ് നായ ശല്യവും ഇഴജന്തുക്കളുടെ ഭീഷണിയും കൊച്ചിയെ വേട്ടയാടുന്നത്. വർഷാവർഷം കോടികൾ ടൂറിസം മേഖലക്ക് നീക്കിവെച്ചിട്ടും നവീകരണ പ്രവർത്തനങ്ങൾ പലതും പാതിവഴിയിലാണ്.

ടൂറിസം മേഖലയ്ക്ക് ഭീഷണിയായി ഡെങ്കി മുതൽ ഇഴജന്തുക്കൾ വരെ

 കടപ്പുറം കാട് പിടിച്ച് ഇഴജന്തുക്കളുടെ ഭീഷണിയിലാണ്. ഇവിടെയുള്ള വലിയ പാറക്കല്ലുകൾക്കിടയിൽ നിന്നാണ് ഇഴജന്തുക്കൾ പുറത്ത് വരുന്നത്.

വഴിവിളക്കുകൾ പല സ്ഥലത്തും പ്രവർത്തനരഹിതമാണ്.

ബീച്ചിൽ മാലിന്യം ദിനംപ്രതി കുന്ന് കൂടി വരികയാണ്. ഈ വർഷം തുടക്കത്തിൽ കൊച്ചി കാണാൻ എത്തിയ വിദേശ സംഘം കടപ്പുറം വൃത്തിയാക്കിയത് സമൂഹമാധ്യമങ്ങളിൽ വന്നത് അധികാരികൾക്ക് നാണക്കേടായിരുന്നു.

മാലിന്യം വൃത്തിയാക്കാൻ ടൂറിസം മേഖലയിൽ സ്ഥിരമായ ഒരു സംവിധാനം വേണം. നീക്കം ചെയ്യുന്ന മാലിന്യങ്ങൾ കൃത്യമായി കൊണ്ടുപോകാൻ അധികാരികൾ ശ്രദ്ധിക്കണം

ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൊച്ചിൻ കോർപ്പറേഷൻ

മരാമത്ത് ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണം. വർഷങ്ങളായി ടൂറിസം മേഖലിയിൽ നടക്കുന്ന കാന - റോഡ് പണികൾ പൂർത്തിയാക്കാൻ അധികാരികൾ സത്വര നടപടികൾ സ്വീകരിക്കണം

മുജീബ് റഹ്മാൻ

പൊതു പ്രവർത്തകൻ