കാക്കനാട്: ഡി.എൽ.എഫ് ഫ്ലാറ്റിലെ താമസക്കാരായ 27 പേർ വയറിളക്കം,​ ചർദ്ദി എന്നിവയോടെ സമീപത്തെ ആശുപത്രികളിൽ ചികിത്സ തേടി.

ഫ്ലാറ്റിലെ കുടിവെള്ളത്തിൽ നിന്നുള്ള അണുബാധയാണ് രോഗകാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂണിലും ഇതേ ഫ്ലാറ്റിൽ കുടിവെള്ളത്തിൽ നിന്ന് അണുബാധയേറ്റ് 300ലേറെ പേർ ചികിത്സ തേടിയിരുന്നു.

രോഗബാധിതരുടെ ചികിത്സാ റിപ്പോർട്ടിൽ ഇ-കോളി ബാക്ടീരിയ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നു മുതൽ ഫ്ലാറ്റിൽ മെഡിക്കൽ ക്യാമ്പ് ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം.

തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഫ്ലാറ്റിലെ കുടിവെള്ള സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിട്ടുണ്ട്. 11 ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫ്ലാറ്റിൽ സർവേ ആരംഭിച്ചു.

ഫ്ലാറ്റിലെ മറ്റു താമസക്കാർക്ക് നഗരസഭാ പി.എച്ച്.സി വിഭാഗം പ്രാഥമിക ചികിത്സ നൽകി.

ഫ്ലാറ്റിൽ ഉപയോഗിക്കുന്ന കുഴൽക്കിണർ വെള്ളത്തിലൂടെയാവാം രോഗബാധയുണ്ടായതെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നിഗമനം.