
കൊച്ചി: 'ഒരേ മനസ്, ഒരേ ലക്ഷ്യം' കലൂർ ജവർലാൽനെഹ്റു സ്‌റ്റേഡിയത്തിൽ വമ്പൻ ബാനറിൽ ആരാധകർ കുറച്ചു, കളത്തിൽ അത് അക്ഷരംപ്രതി നിറവേറ്റിയ കേരളാ ബ്ലാസ്റ്റേഴ്സിന് സതേൺ ഡെർബിയിൽ തകർപ്പൻ ജയം. ചെന്നൈയിൻ എഫ്.സിയെ എതിരില്ലാതെ മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തറപറ്റിച്ചത്.ബ്ലാസ്‌റ്റേഴ്‌സിനായി ജീസസ് ജെമിനിസ് (56), നോഹ് സദൗയി (70), കെ.പി. രാഹുൽ (90)എന്നിവർ ലക്ഷ്യംകണ്ടു. 11 പോയിന്റോടെ പട്ടികയിൽ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. 28ന് എഫ്.സി ഗോവയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തമത്സരം.
ഗോളിന് വേണ്ടി അയൽക്കാർ കളം നിറഞ്ഞപ്പോക്ഷൾ സതേൺ ഡെർബിയുടെ ആദ്യപകുതിയുടെ തുടക്കം മുതൽ വാനോളം ആവേശം. ആക്രമണത്തിന്റെ മൂർച്ചകൂട്ടിയ ചെന്നൈയിൻ 9ാം മിനിട്ടിൽ ആതിഥേയരെ വിറപ്പിച്ചു. ലൂക്കാൻസ് ബ്രമ്പില്ലയുടെ തകർപ്പൻ ഫ്രീ കിക്ക് സച്ചിൻ സുരേഷിന്റെ കൈകൾ തട്ടിയകറ്റി. പിന്നീട് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത് അവസരങ്ങങ്ങളുടെ പൂരം.
രണ്ടാം പകുതിയിലും ബ്ലാസ്റ്റേഴ്‌സിന്റെ വരുതിയിലായിരുന്നു പന്ത്. 56ാം മിനിട്ടിൽ ഗ്യാലറി കാത്തിരുന്ന നിമിഷമെത്തി. അഡ്രിയാൻ ലൂണയുടെ ബോക്‌സിനുള്ളിൽ നിന്നുള്ള അളന്നുകുറിച്ചുള്ള പാസ് കോറോ സിംഗിലേക്ക്. കോറുടെയുടെ ഉശിരടനി ബോക്‌സിനുള്ളിൽ നിന്ന ജെമിനിസിന്റെ കാലിൽ. പ്രതിരോധങ്ങളെല്ലാം കാറ്റിൽപ്പറത്തി ക്ലോസ് റേഞ്ചിൽ നിന്ന ജെമിനിസ് പന്ത് അസായാലം വലയിലേക്ക് അടിച്ചുകയറ്റി. ഗ്യാലറിയാകെ ഇളകിമറിഞ്ഞു.70 മിനിട്ടിൽ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് ഉയർത്തി.
ബോക്‌സിന് മദ്ധ്യത്തിലായി നിന്ന സദൗയിയിലേക്ക് ലൂണയുടെ പാസ്. ചെന്നൈ പ്രതിരോധക്കാരെ കാഴ്ചക്കാരാക്കിയുള്ള സദൗയിയുടെ ഇടംകാൽ ഷോട്ട് വലയിൽ.തിരിച്ചടിക്ക് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം പൊളിക്കാൻ അയൽക്കാർക്കായില്ല. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്സ് ഗോളുകളുടെ എണ്ണം മൂന്നാക്കി. ബോക്സിനുള്ളിലേക്ക് കുതിച്ച സദൗയി, പന്ത് രാഹുലിന് കൈമാറി. രാഹുലിന്റെ ലക്ഷ്യം തെറ്റിയില്ല. പന്ത് നവാസിനെ കാഴ്ചക്കാരനാക്കി വലയിൽ.