sorren

വിചിത്രമായ ഉപതിരഞ്ഞെടുപ്പാണ് കഴിഞ്ഞുപോയത്. ഇരിക്കുന്നവർ അവിടെത്തന്നെ ഇരിക്കട്ടെ; ആരും മാറേണ്ട കാര്യമില്ലെന്നാണ് ഇന്ത്യൻ വോട്ടർ നൽകിയ സന്ദേശം. ജാർഖണ്ഡി​ലെ ജെ.എൻ.എം സർക്കാർ തുടരട്ടെയെന്നു തീരുമാനി​ച്ച് നല്ല ഭൂരിപക്ഷത്തോടെ ഹേമന്ത് സോറനെ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ചു. സോറന്റെ കേസുകളൊന്നും ജനാഭിപ്രായത്തെ കാര്യമായി ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയിലും ഭരണത്തുടർച്ചയ്ക്കായി​രുന്നു വോട്ട്. ഇക്കുറി ഭൂരിപക്ഷം വർദ്ധിപ്പി​ച്ച് സുഖകരമായ ഭരണത്തി​നുള്ള അന്തരീക്ഷം ജനം ഒരുക്കിക്കൊടുത്തു. ഉത്തർപ്രദേശിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിൽ ഏഴും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എയ്ക്കാണ് കിട്ടിയത്. സമാജ് വാദി പാർട്ടിക്ക് രണ്ടു സീറ്റിൽ ഒതുങ്ങേണ്ടി വന്നു.

പശ്ചിമ ബംഗാളിൽ ഏറ്റവുമധികം ജനരോഷം നേരിട്ട തൃണമൂൽ സർക്കാർ വൻഭൂരിപക്ഷത്തിൽ ജയിച്ചു. പഞ്ചാബിൽ ആം ആദ്മി​ പാർട്ടി മൂന്നു സീറ്റും കോൺഗ്രസ് ഒരു സീറ്റും കൈവശപ്പെടുത്തി. ഗുജറാത്തിലും രാജസ്ഥാനിലും ബി.ജെ.പി അവരുടെ പ്രകടനം നിലനിറുത്തുകയോ മെച്ചപ്പെടുത്തുകയോ ചെയ്തു. കർണാടകത്തിൽ മൂന്ന് അസംബ്ളി സീറ്റുകളിൽ മൂന്നിലും കോൺഗ്രസ് വിജയിച്ചു. ചുരുക്കിപ്പറഞ്ഞാൽ ആരൊക്കെ എവിടെയൊക്കെ അധികാരത്തിലിരിക്കുന്നുവോ,​ അവരെല്ലാം അതേപടി തുടരട്ടെ; എന്തെങ്കിലും സംശയമുണ്ടെങ്കിൽ അത് മാറ്റുന്ന രീതിയിൽ വലിയ ഭൂരിപക്ഷത്തോടെ തുടരട്ടെ എന്നാണ് ജനങ്ങളുടെ തീരുമാനം. ഇതേനില കേരളത്തിലുമുണ്ടായി. വയനാടും പാലക്കാടും കോൺഗ്രസും ചേലക്കര സി.പി.എമ്മും നിലനിറുത്തി​. മൊത്തത്തിൽ തൽസ്ഥിതി തുടരണമെന്ന കോടതിവിധി പോലെയായി ജനവിധിയും!

കേരളത്തെ പ്രത്യേകമായി എടുത്തു നോക്കിയാൽ,​ പാലക്കാട് ഉപതിരഞ്ഞെടുപ്പാണ് ഏറ്റവുമധികം ലഹളയും ബഹളവും ഉണ്ടാക്കിയത്. ബി.ജെ.പിയുടെ സാന്നിദ്ധ്യമായിരുന്നു കാരണം. ഇത്തവണയെങ്കിലും ജയിച്ചേ അടങ്ങൂ എന്നൊരു വാശി ബി.ജെ.പി പ്രകടിപ്പിച്ചിരുന്നെങ്കിലും ഫലം വന്നപ്പോൾ ആ പ്രതീക്ഷ അസ്ഥാനത്തായി. സംഘടനാ ദൗർബല്യം, സ്ഥാനാർത്ഥി നിർണയത്തിലെയും പ്രചാരണ രംഗത്തെയും പാളിച്ച... എന്നിങ്ങനെയൊക്കെ പല കുഴപ്പങ്ങൾ തോൽവി​ക്കു കാരണമായി​ ചൂണ്ടിക്കാട്ടാമെങ്കിലും,​ കേരളത്തിലെ ഒരു വോട്ടർ എന്തിന് ബി.ജെ.പിക്ക് വോട്ടു ചെയ്യണമെന്ന ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ആ പാർട്ടിക്കു കഴിഞ്ഞില്ല.

ബി.ജെ.പി. നടത്താൻ പോകുന്ന ആത്മപരിശോധനയിലെ ഒരു ഐറ്റം ഈ ചോദ്യമായിരിക്കുമെന്ന് കരുതുന്നു. അടിസ്ഥാനപരമായി വോട്ടർമാർ ആലോചിക്കുമ്പോൾ ഒരു പോസിറ്റീവ് ഘടകവും ഒരു നെഗറ്റീവ് ഘടകവും മനസിൽ ഉയരും. ഇരിക്കുന്ന പാർട്ടിയെ ഇറക്കിവിട്ട് വേറൊന്നിനെ കൊണ്ടുവന്നാൽ എന്തു സംഭവിക്കുമെന്ന് പാലക്കാട്ടെ ഓരോ വോട്ടറും ആലോചിച്ചാൽ,​ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്ന ഉത്തരമായിരിക്കും ലഭിക്കുക. 'എന്നാൽപ്പിന്നെ ഇരിക്കുന്നവർ ഇരിക്കട്ടെ" എന്നാകും വോട്ടർമാരുടെ ചിന്ത. അങ്ങനെയാണ് തൽസ്ഥിതിക്ക് അനുകൂലമായ വോട്ടിംഗ് ഉണ്ടാകുന്നത്.

മഹാരാഷ്ട്രയിലും ഉത്തർപ്രദേശിലും കൃത്യമായ തിരഞ്ഞെടുപ്പു തന്ത്രങ്ങൾകൊണ്ടും മുദ്രാവാക്യങ്ങൾ കൊണ്ടും ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞ ലോക‌്സഭാ തിരഞ്ഞെടുപ്പ് നൽകിയ ഞെട്ടലിൽ നിന്ന് കരകയറാൻ ബി.ജെ.പിക്ക് ഉത്തർപ്രദേശും മഹാരാഷ്ട്രയും ആവശ്യമായിരുന്നു. ഹരിയാനയിൽ ഭരണം പി​ടിച്ചതോടെ അവർക്ക് അതിനുള്ള ഊർജ്ജമായി​. എന്നാൽ ജാർഖണ്ഡിൽ ഈ തന്ത്രം ഫലിച്ചില്ല. ഹേമന്ത് സോറന്റെ അറസ്റ്റ് അദ്ദേഹത്തി​ന് അനുകൂലമായ സഹതാപ തരംഗമുണ്ടാക്കി. ദളിത് നേതാവായതുകൊണ്ടാണ് അറസ്റ്റിലായതെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിച്ചു. അങ്ങനെ വിശ്വസിക്കാൻ ന്യായവുമുണ്ട്.

സുപ്രീംകോടതി കേജ്‌രിവാളിന് ജാമ്യം നൽകിയപ്പോൾ സോറന് ജാമ്യം നിഷേധിച്ചു. രണ്ടാം റൗണ്ട് അപേക്ഷയി​ലാണ് അദ്ദേഹത്തി​ന് ജാമ്യം ലഭിച്ചത്. നഗരത്തിൽ നിന്നുള്ള മിടുക്കനായ,​ എല്ലാ തന്ത്രങ്ങളും പയറ്റുന്ന,​ സൂത്രശാലിയായ ഒരു മുഖ്യമന്ത്രിക്ക് ജാമ്യം കിട്ടുകയും നിഷ്കളങ്കനായ ഗോത്രവർഗക്കാരന് ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു സഹതാപ തരംഗമാണ് ഹേമന്ത് സോറനെ തുണച്ചത്. ജാർഖണ്ഡ് ഒഴിച്ചാൽ ഏകദേശം ബി.ജെ.പി പ്രതീക്ഷിച്ചതു പോലെ തന്നെ തിരഞ്ഞെടുപ്പ് പോയെന്നു കരുതാം.

കർണാടകം ബി.ജെ.പിയെ സംബന്ധിച്ച്,​ പലതവണ കൈയിൽ വരി​കയും നഷ്ടപ്പെടുകയും ചെയ്യുന്ന സംസ്ഥാനമാണ്. അതുകൊണ്ട് അവിടുത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പും അവർക്ക് പ്രിയപ്പെട്ടതായിരുന്നു. പക്ഷേ കോൺഗ്രസ് കടത്തിവെട്ടി. കർണാടകയിൽ ബി.ജെ.പി ഇനിയും ഗൃഹപാഠം ചെയ്യേണ്ടിയിരി​ക്കുന്നുവെന്ന് സാരം. അത്ഭുതപ്പെടുത്തുന്ന തിരഞ്ഞെടുപ്പു ഫലമാണ് പശ്ചിമ ബംഗാളിൽ നിന്ന് വന്നത്. യുവ ഡോക്ടർ ക്രൂരമായ മാനഭംഗത്തി​നി​രയായി​ കൊല്ലപ്പെട്ട സംഭവം പശ്ചിമ ബംഗാളിൽ മാത്രമല്ല, രാജ്യത്തെ മൊത്തം പിടിച്ചുകുലുക്കിയിരുന്നു. അന്യഥാ പുലി​യെപ്പോലെ ചീറുന്ന മമതാ ബാനർജി​ ചരി​ത്രത്തി​ലാദ്യമായി​ ഡോക്ടർമാർക്കു മുന്നിൽ ദൈന്യതയോടെ കീഴടങ്ങുന്നതും നമ്മൾ കണ്ടു. എന്നി​ട്ടും ഈ ഉപതി​രഞ്ഞെടുപ്പ് ഫലങ്ങളി​ൽ ഏറ്റവും വലി​യ ഭൂരി​പക്ഷത്തി​ൽ വിജയി​ച്ചത് ടി​.എം.സി​യുടെ ആറ് സ്ഥാനാർത്ഥി​കളായി​രി​ക്കും. ഈ അത്ഭുതം സൃഷ്ടി​ക്കാൻ മമതാ ബാനർജി​ക്കു മാത്രമേ കഴി​യൂ.

ബീഹാറി​ലെ നി​തീഷ് കുമാർ ഏറ്റവും സന്തുഷ്ടനായ തി​രഞ്ഞെടുപ്പും ഇതാണ്. നാലു സീറ്റും എൻ.ഡി​.എ പുഷ്പം പോലെ ജയി​ച്ചു​. എൻ.ഡി​.എ. മുന്നണി​ക്ക് ഇവി​ടെ വലി​യ ഭീഷണി​യൊന്നും ഉടനെയുണ്ടാകി​ല്ലെന്നും വ്യക്തമായി​. അതി​വി​ചി​ത്രമായ തി​രഞ്ഞെടുപ്പ് മഹാരാഷ്ട്രയി​ലായി​രുന്നു. നാന്ദേഡ് ലോക‌്സഭാ മണ്ഡലത്തി​ലെ കോൺ​ഗ്രസ് എം.പി​ മരി​ച്ച ഒഴി​വി​ലെ ഉപതി​രഞ്ഞെടുപ്പി​ൽ കോൺ​ഗ്രസ് തന്നെ ജയി​ച്ചു. എന്നാൽ ആ മണ്ഡലത്തി​ലെ ആറ് അസംബ്ളി​ സീറ്റുകളും ബി​.ജെ.പി​- ശി​വസേന സഖ്യം സ്വന്തമാക്കി​. വെറും 1475 വോട്ടായിരുന്നു പാർലമെന്റ് തി​രഞ്ഞെടുപ്പിലെ ഭൂരി​പക്ഷം. ഇത്ര വി​ചി​ത്രമായ വോട്ടിംഗ് ചരി​ത്രത്തി​ൽ ഉണ്ടായി​ട്ടി​ല്ല!

പാലക്കാട് തിരഞ്ഞെടുപ്പിന്റെ കാര്യമെടുത്താൽ,​ എല്ലാ തി​രഞ്ഞെടുപ്പ് കഴി​യുമ്പോഴും അല്പസ്വല്പം മുള്ളും മുനയും വച്ച് ഒളി​യമ്പെയ്യുന്നത് ബി​.ജെ.പി​ക്കാരുടെ പതി​വാണ്. ആത്മപരി​ശോധന എന്നൊക്കെ പറയുമെങ്കി​ലും വലി​യ പരി​ശോധനയൊന്നും ബി​.ജെ.പി​യോ മറ്റു പാർട്ടി​കളോ ചെയ്യാറി​ല്ല. എത്രയെത്ര ആത്മപരി​ശോധനാ റി​പ്പോർട്ടുകൾ കെ.പി​.സി​.സി​ ആസ്ഥാനത്തും എ.കെ.ജി​ സെന്ററി​ലും മാരാർജി​ ഭവനി​ലും കെട്ടി​ക്കി​ടപ്പുണ്ട്. അതൊന്നും പൊടി​തട്ടി​യെടുത്ത് ഒരു കൗതുകത്തി​നു പോലും ആരും വായി​ച്ചുനോക്കാറി​ല്ല. ബി​.ജെ.പിയി​ൽ അടി​സ്ഥാനപരമായി​ എന്തെങ്കി​ലും മാറ്റമുണ്ടാകുമെന്നോ,​ അതി​ന് രാഷ്ട്രീയ വി​ലയായി​​ ഏതെങ്കി​ലും നേതാവിനെ ബലി​കൊടുക്കുമെന്നോ കരുതുന്നി​ല്ല. തൽസ്ഥി​തി​ തുടരട്ടെ എന്ന വോട്ടർമാരുടെ ചി​ന്ത തന്നെയാകും പാർട്ടി​കളി​ലും നടക്കുക. ഇപ്പോൾ ഉള്ളതുപോലെ തന്നെ എല്ലാം തുടരട്ടെ എന്നാകും കോൺ​ഗ്രസും ബി​.ജെ.പി​യും സി​.പി​.എമ്മും തീരുമാനി​ക്കുക. അതി​ൽക്കവി​ഞ്ഞ് ഒന്നും സംഭവി​ക്കാനി​ല്ല.

(ലേഖകന്റെ ഫോൺ​ : 94977 24654)