sree

കുറുപ്പംപടി: ചൂട് വെള്ളം വീണ് കാലിനേറ്റ പൊള്ളൽ പുറത്ത്... അതിലൂടെ ഭരതനാട്യത്തിന്റെയും കേരളനടനത്തിന്റെയും അവസരങ്ങൾ നഷ്ടപ്പെട്ടതിന്റെ 'പൊള്ളൽ' ഉള്ളിൽ.. ഒടുവിൽ സങ്കടങ്ങൾക്കു മേൽ സന്തോഷം നിറച്ച് ഹൈസ്‌കൂൾ വിഭാഗം നങ്ങ്യാർകൂത്തിൽ ഒന്നാം സ്ഥാനം...! സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ് സ്‌കൂളിലെ എ.എസ്. ശ്രീഗൗരിയാണ് താരം.

സ്‌കൂൾതല മത്സരങ്ങൾക്ക് ദിവസങ്ങൾക്ക് മുമ്പാണ് തിളച്ച വെള്ളം കാലിൽ വീണ് വൈറ്റില സ്വദേശിയായ ശ്രീഗൗരിക്ക് പൊള്ളലേറ്റത്. ഭരതനാട്യവും കേരള നടനവുമൊന്നും മത്സരിക്കാനാകാത്ത അവസ്ഥ. പൊള്ളൽ കരിയാൻ കുറച്ചധികം ദിവസമെടുത്തു. ഒടുവിൽ നങ്ങ്യാർകൂത്തിൽ മാത്രമായി ഇത്തവണത്തെ കലോത്സവ സ്വപ്‌നങ്ങൾ ഒതുങ്ങി. സംസ്ഥാന കലോത്സവത്തിന് മത്സരിക്കണമെന്ന ദൃഢനിശ്ചയം മാത്രമായിരുന്നു മുന്നിൽ. ആറ് പേരോട് മത്സരിച്ചാണ് ശ്രീഗൗരി ആഗ്രഹം സാധിച്ചത്.

കലാമണ്ഡലം ഡോ.കൃഷ്‌ണേന്ദുവിന് കീഴിൽ നാല് വർഷമായി നങ്ങ്യാർകൂത്ത് അഭ്യസിക്കുന്നത്. രണ്ടാം സംസ്ഥാന കലോത്സവമാണ് വരാനിരിക്കുന്നത്. കുസാറ്റിലെ അസി. പ്രൊഫസറായ ഡോ. സാബു, ഫിഷറീസ് ഓഫീസറായ ആശ എന്നിവരാണ് മാതാപിതാക്കൾ. സഹോദരി ശ്രീനിധി സംസ്ഥാന ശാസ്‌ത്രോത്സവത്തിൽ ഉൾപ്പെടെ മികവ് തെളിയിച്ചിട്ടുണ്ട്.