kothamangalam

കോതമംഗലം: ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയായ കൈവല്യ നിലച്ചതിൽ പ്രതിഷേധം ഉയരുന്നു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോതമംഗലം സിവിൽ സ്റ്റേഷൻ ഓഫീസിന് മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ധർണ എ.കെ.ഡബ്ല്യു.ആർ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മത്തായി വാരപ്പെട്ടി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ എ.കെ.ഡബ്ല്യു.ആർ.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പൈലി നെല്ലിമറ്റം, ജില്ലാ സെക്രട്ടറി അജി മോൻ, മുൻ ജില്ലാ സെക്രട്ടറി കെ. ഒ ഗോപാലൻ, ജില്ലാ ഉപദേശക സമിതി അംഗങ്ങളായ മണി ശർമ്മ, ദീപ മണി, ജില്ലാ ട്രഷറർ എം. കെ സുധാകരൻ, മത്തായി കോലഞ്ചേരി, ശ്രീദേവി പറവൂർ എന്നിവർ സംസാരിച്ചു.

2021 മുതൽ ലോണില്ല

കൈവല്യ പദ്ധതിയിൽ ആദ്യഘട്ടത്തിൽ അപേക്ഷ നൽകിയവർക്ക് 2020-21 ൽ സാമ്പത്തിക സഹായം അനുവദിച്ചിരുന്നു. ശേഷം 2021 മുതൽ അപേക്ഷ നൽകിയ ഗുണഭോക്താക്കൾക്ക് 2024 ഇതുവരെ ലോൺ അനുവദിച്ചിട്ടില്ല. സാമ്പത്തിക സഹായ വിതരണം നിലച്ചതോടെ സ്വയംതൊഴിൽ ചെയ്യാൻ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി അപേക്ഷ സമർപ്പിച്ച പലരും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഭിന്നശേഷിക്കാർക്കായുള്ള വിവിധ പദ്ധതികൾ കുറച്ച് കഴിയുമ്പോൾ അത് മുന്നോട്ട് പോകാനുള്ള നടപടികൾ സ്വീകരിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി പറഞ്ഞു ഈ വിഭാഗത്തിന്റെ ആനുകൂല്യങ്ങളാണ് ഇല്ലാതാക്കുന്നത്. മൂന്ന് വർഷക്കാലമായി ഈ പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരിക്കുന്ന ഭിന്നശേഷിക്കാർക്ക് എത്രയും വേഗം വായ്പ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം

രാജീവ് പള്ളുരുത്തി

സംസ്ഥാന ജനറൽ സെക്രട്ടറി

എ.കെ.ഡബ്ല്യു.ആർ.എഫ്

മറ്റ് ആവശ്യങ്ങൾ

ആശ്വാസ കിരണം പദ്ധതിയുടെ തുകയും കുടിശിക തീർക്കണം

പെൻഷൻ വർദ്ധനവ് നടപ്പിലാക്കണം

 ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കണം