കൊച്ചി: ശബരിമല സന്നിധാനത്തെ പുഷ്പാലങ്കാരത്തിന് ഓർക്കിഡ് പൂക്കളും ഇലകളും ഉപയോഗിക്കുന്നത് ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലക്കി. ആചാരപ്രകാരമുള്ള പുഷ്പങ്ങളാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും ദിവസവും പൂക്കൾ മാറ്റണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് എസ്. മുരളീകൃഷ്ണയും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തിൽ കരാറുകാർക്ക് നിർദ്ദേശം നൽകിയതായി ദേവസ്വം ബോർഡും ശബരിമല സ്പെഷ്യൽ കമ്മിഷണറും അറിയിച്ചു.

ഭക്തർ ഉടയ്‌ക്കുന്ന നാളികേരം കൊപ്രാക്കളം തൊഴിലാളികൾ അനധികൃതമായി ശേഖരിക്കുന്നത് തടയാൻ സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേട്ടും ദേവസ്വം വിജിലൻസും നടപടിയെടുക്കണം.

അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തിൽ സുരക്ഷ ഉറപ്പാക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിട്ടി ഒഫ് ഇന്ത്യയെ കക്ഷിചേർത്തു. പഴകിയ വനസ്പതി സൂക്ഷിച്ച പാണ്ടിത്താവളം അന്നപൂർണ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ശ്രീഹരി ഹോട്ടലിന് 10,000 രൂപയും ഡ്യൂട്ടി മജിസ്ട്രേട്ട് പിഴയിട്ടതായി അധികൃതർ കോടതിയെ അറിയിച്ചു.

പമ്പയിലും സന്നിധാനത്തുമായി അയ്യപ്പസേവാ സംഘത്തിൽ നിന്ന് ഒഴിപ്പിച്ച കെട്ടിടങ്ങൾ തീർത്ഥാടകർക്കു വേണ്ടി വിനിയോഗിക്കുന്നത് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ അടുത്തദിവസം പരിശോധന നടത്തും. കെട്ടിടങ്ങൾ ശുചിയാക്കി സ്വന്തം ചെലവിൽ പെയിന്റടിച്ചു നൽകാമെന്ന് അയ്യപ്പസേവാ സംഘം അറിയിച്ചിട്ടുണ്ട്.

മരക്കൊമ്പ് വീണ് പരിക്ക്:

വിശദീകരണം തേടി

ശബരിമലയിലെ ചുക്കുവെള്ളപ്പുരയ്ക്ക് സമീപം മരക്കൊമ്പ് വീണ് ഗുരുതരമായി പരിക്കേറ്റ തീർത്ഥാടകന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഹൈക്കോടതി കോട്ടയം ജില്ല മെഡിക്കൽ ഓഫീസറോട് റിപ്പോർട്ട് തേടി. വിശദീകരണം ഇന്ന് സമർപ്പിക്കണം. പെരിയാർ ഡിവിഷൻ ഫോറസ്റ്റ് ഡെപ്യൂട്ടി ഡയറക്ടറും റിപ്പോർട്ട് നൽകണം. പരിക്കേറ്റ കർണാടക സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണ്.

നിലയ്‌ക്കലിൽ അനധികൃത ലബോറട്ടറികളുടെ മൊബൈൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നതു തടയാൻ നിലയ്‌ക്കൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടും പൊലീസും ദേവസ്വം വിജിലൻസും കർശന നടപടിയെടുക്കാൻ കോടതി നിർദ്ദേശിച്ചു.

പാർക്കിംഗ്

പമ്പ ഹിൽടോപ്പിലെ പാർക്കിംഗ് സ്ഥലത്ത് അനേകം കെ.എസ്.ആർ.ടി.സി ബസുകൾ ഒരേസമയം പാർക്കുചെയ്യുന്നത് ചെറുവാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. പത്തിലധികം ബസുകൾ ഇവിടെ ഒരേ സമയം പാർക്കുചെയ്യുന്നില്ലെന്ന് ജില്ല പൊലീസ് മേധാവി ഉറപ്പാക്കണമെന്ന് ദേവസ്വംബെഞ്ച് നിർദ്ദേശിച്ചു. കാറുകൾ 24 മണിക്കൂറിലധികം പാർക്കിംഗിൽ തുടരാൻ അനുവദിക്കരുതെന്നും വ്യക്തമാക്കി.