
കുറുപ്പംപടി: ഹയർ സെക്കൻഡറി വിഭാഗം പൂരക്കളിയിൽ പ്രതീക്ഷിക്കുന്നതിനപ്പുറം ഒന്നും സംഭവിച്ചില്ല.... 2005 മുതൽ തുടരുന്ന ജൈത്രയാത്ര ഇത്തവണയും തുടർന്ന് മൂത്തകുന്നം എസ്.എൻ.എം എച്ച്.എസ്.എസ്.എസ്. സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ട കഴിഞ്ഞ വർഷം മാത്രമാണ് ടീം മത്സരത്തിനിറങ്ങാതിരുന്നത്. ഇത്തവണ അദ്ധ്യാപകർ ഒറ്റക്കെട്ടായി നിന്ന് തീരുമാനിച്ചതോടെയാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടന്ന് ടീം മത്സരത്തിനെത്തിയത്.
കൗസിക്, ആരോമൽ, നവനീത്, ദേവാനന്ദ്, ആദിത്യൻ, കൃഷ്ണരാജ്, കാളിദാസ്, അഭിനവ്, സൗരവ്, അതുൽ, ആൽഫിൻ, സ്മിജേഷ് എന്നിവരടങ്ങുന്ന ടീമാണ് ഇത്തവണ നേട്ടം കൊയ്തത്. സംസ്ഥാന കലോത്സവങ്ങളിലും ഒന്നിലേറെത്തവണ ഒന്നാമതെത്തുകയും പലവട്ടം എ ഗ്രേഡ് നേടുകയും ചെയ്തു മൂത്തകുന്നം ടീം. ഒന്നാം നിറം, നാലാംനിറം, രാമായണം, ചിന്ത് എന്നിവ പാടിക്കളിച്ചാണ് ടീം സംസ്ഥാന കലോത്സവത്തിലേക്കെത്തിയത്.