പെരുമ്പളം: പെരുമ്പളംപാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അടുത്തവർഷമാദ്യം പാലം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അരൂക്കുറ്റി വടുതല ഭാഗത്ത് പാലവുമായി ബന്ധിപ്പിക്കുന്ന അനുബന്ധ റോഡിന്റെ നിർമ്മാണം അടുത്ത ആഴ്ചയോടെ പൂർത്തിയാകും. തുടർന്ന് പെരുമ്പളം വടയാഴം റോഡുമായി ബന്ധിക്കുന്ന അനുബന്ധപാത നിർമ്മിക്കാൻ നടപടി സ്വീകരിക്കും.

എറണാകുളം, ചേർത്തല ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പെരുമ്പളത്തേക്ക് സർവീസ് തുടങ്ങിയാലേ പാലംകൊണ്ട് സാധാരണക്കാർക്ക് പ്രയോജനം ലഭിക്കുകയുള്ളു. പാലം തുറന്നാൽ കെ.എസ്.ആർ.ടി.സി മിനി ബസ് സർവീസ് നടത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ തകർന്നുകിടക്കുന്ന റോഡുകൾ വെല്ലുവിളിയാണ്.

* തരിപ്പണമായി റോഡുകൾ

1 നിലവിൽ പെരുമ്പളത്തെ റോഡ് ദൈർഘ്യം 25 കി.മീറ്ററോളം.

2 നിലവിൽ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്.

3 ആവശ്യത്തിന് വീതി ഇല്ലാത്ത കൊടും വളവുകളുമുള്ള റോഡുകൾ പലതും പൊട്ടിപ്പൊളിഞ്ഞും കുണ്ടും കുഴിയും നിറഞ്ഞുകിടക്കുന്നു

വടയാഴം, കുറുങ്ങൻചിറ പനമ്പുകാട് വഴി റോഡ് വികസിപ്പിക്കുകയും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികാരികൾക്ക് നിവേദനം നൽകി. 12 കി.മീറ്ററോളമുള്ള പ്രധാന റോഡുകളെങ്കിലും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്താൽ പ്രശ്ന പരിഹാരമാകും.

അഡ്വ. വി.വി. ആശ,

പഞ്ചായത്ത് പ്രസിഡന്റ്

* പാലം തുറന്നാൽ റോഡുപണി ഉഷാറാകും

പെരുമ്പളത്തെ റോഡ് വികസനം പാലം ഉദ്ഘാടനത്തിന് ശേഷമേ നടക്കുകയുള്ളുവെന്നാണ് വിലയിരുത്തൽ. പാണാവള്ളി-പെരുമ്പളം മാർക്കറ്റ് ജങ്കാർവഴി റോഡ് നിർമ്മാണ സാമഗ്രികൾ പെരുമ്പളത്ത് എത്തിക്കുക എന്നത് ശ്രമകരവും ഏറെ പണച്ചിലവ് വരുന്നതുമാണ്. പാലം തുറക്കുന്നതോടെ അതിലൂടെ ലോഡുമായി വാഹനങ്ങൾക്ക് സുഗമമായി പെരുമ്പളത്ത് എത്തുവാൻ കഴിയുന്നതോടെ നിർമ്മാണപ്രവർത്തനങ്ങൾ വേഗത്തിലാകും.