
പറവൂർ: മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിൽ ദേശീയപാത 66ന്റെ നിർമ്മാണം നിശ്ചിത സമയത്തിൽ പൂർത്തിയാവില്ല. നിർമ്മാണത്തിന് ആവശ്യമായ കരിങ്കൽ, മെറ്റൽ, മണ്ണ് എന്നിവ ലഭിക്കാത്തതാണ് പ്രധാനകാരണം. കൂടാതെ, പറവൂർ പാലത്തിന്റെ ഉയരക്കുറവും പട്ടണം കവലയിലും കൂനമ്മാവ് ചന്തക്കപ്പേളക്ക് സമീപത്തും അടിപ്പാത വേണമെന്ന് ആവശ്യവും നിർമ്മാണം വൈകാനിടയാക്കിയിട്ടുണ്ട്. 2022 ഒക്ടോബർ 25നാണ് ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ചത്. 910 ദിവസംകൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. 750 ദിവസം പിന്നിട്ടിട്ടും അമ്പത് ശതമാനത്തിൽ താഴെയാണ് പൂർത്തിയായത്. 2025 ഡിസംബറിനുള്ളിൽ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാക്കമെന്നാണ് സർക്കാർ നിർദേശം. കഴിഞ്ഞയാഴ്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗം കരിങ്കൽ, മണ് എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താനും നിർമാണം വേഗത്തിലാക്കാനും യോഗം നിർദ്ദേശിച്ചിരുന്നു.
നിർമ്മാണം വൈകാൻ കാരണങ്ങൾ പലത്
1. മണ്ണെടുക്കുന്നതിന് ഹൈക്കോടതി സ്റ്റേ
മൂവാറ്റുപുഴ, കുന്നത്തുനാട് തുടങ്ങിയ മേഖലകളിൽ നിന്ന് മണ്ണെടുക്കാനാണ് കരാർ കമ്പനിയായ ഓറിയന്റൽ സ്ട്രക്‌ചറൽ പ്രൈവറ്റ് ലിമിറ്റഡിന് അനുവാദം ലഭിച്ചിരുന്നത്. ദേശീയപാത നിർമ്മാണത്തിന് മണ്ണെടുക്കാൻ പരിസ്ഥിതി ക്ലിയറൻസ് വേണ്ടെന്ന് സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ, മണ്ണ് എടുക്കുന്ന നടപടികൾ തുടങ്ങിയപ്പോൾ പ്രദേശികമായ എതിർപ്പുകളുണ്ടായി. തുടർന്ന്, ഹൈക്കോടതിയിൽ മണ്ണെടുക്കുന്നത് തത്കാലികമായി സ്റ്റേ ചെയ്തു. സ്റ്റേ നീക്കുന്നതിന് സർക്കാരും കരാർ കമ്പനിയും ശ്രമിക്കുന്നുണ്ട്.
2. കരിങ്കല്ല് ലഭിക്കുന്നില്ല
പാലം, കാന തുടങ്ങിയ നിർമ്മാണത്തിനുള്ള കരിങ്കൽ ലഭ്യത കുറവ് തുടക്കത്തിലെ അനുഭവപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്നാണ് കരിങ്കലും മെറ്റലും കൊണ്ടുവന്നത്. തുടർന്നുള്ള റോഡ് നിർമ്മാണത്തിന് മെറ്റൽ കൂടുതൽ ആവശ്യമാണ്. കരിങ്കൽ ക്വാറി ലഭിച്ചെങ്കിലും നിയമതടസം മൂലം കരിങ്കൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ചാലക്കുടിയിൽ സജ്ജീകരിച്ച ക്രഷർ ഉടനെ പ്രവർത്തനം ആരംഭിക്കും.
3. പറവൂർ പാലത്തിന്റെ ഉയരം തടസം
പെരിയാറിന് കുറുകെയുള്ള പറവൂർ പാലത്തിന്റെ ഉയരക്കുറവും പുഴയുടെ വീതികുറച്ചതും നിർമ്മാണം വൈകുന്നതിന് പ്രധാനതടസമായി. ജലസ്രോതസുകൾക്ക് മുകളിലൂടെ നിർമ്മിക്കുന്ന പാലത്തിന് അഞ്ച് മീറ്റർ വെർട്ടിക്കൽ ക്ലിയറൻസ് വേണമെന്നാണ് നിയമം. ഇവിടെ നിർമ്മിക്കുന്ന പാലത്തിന് 2.3 മീറ്റർ ഉയരമാണുള്ളത്. വേലിയേറ്റ സമയത്ത് ബോട്ട് കടന്നുപോകില്ല. ജില്ലാകളക്ടറുടെ നിർദേശത്തെ തുടർന്ന് നിറുത്തിയിട്ട് ആറ് മാസത്തിലധികമായി. ഉയരം കൂട്ടി നിർമ്മിക്കാൻ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. നിലവിലെ പറവൂർ പാലത്തിന് ജലനിരപ്പിൽ നിന്നും ഏഴ് മീറ്റർ ഉയരമുണ്ട്.
മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെ 24.5 കീലോമീറ്റർ റോഡ്
വരാപ്പുഴ, ചെറിയപ്പിള്ളി, കോട്ടപ്പുറം പാലങ്ങൾ
ഇടപ്പള്ളിയിലെ ഓവർബ്രിഡ്ജ്
കൊടുങ്ങല്ലൂർ മേഖലയിലെ രണ്ട് പാലങ്ങൾ ഉൾപ്പെടെ ആറ് പ്രധാന പാലങ്ങളും നിരവധി ചെറിയ പാലങ്ങളും അടിപ്പാതയും