കുറുപ്പംപടി: ഒളിമ്പിക്‌സ് മത്സരവേദി...നീരജ് ചോപ്രയുടെ സ്വർണത്തിലേക്കുള്ള ഏറ്...അതിനിടയിൽ വരുന്ന വിനേഷ് ഫോഗട്ട് അയോഗ്യനാക്കപ്പെട്ടേക്കുമെന്ന ടെലിവിഷൻ ബ്രേക്കിംഗ്... ഫോഗട്ടിന്റെ മുടി മുറിക്കുന്നത്...മെഡൽ വലിച്ചെറിയുന്നത്...കായിക പ്രേമികളുടെയും രാജ്യത്തിന്റെയാകെയും ഉള്ളിലെ നീറ്റലായിമാറിയ സംഭവം ഹൃദയത്തിൽ തൊട്ട് അവതരിപ്പിച്ച് നിറകൈയടി നേടി എച്ച്.ഐ.എച്ച്.എസ്.എസ് എടവനക്കാട്.
സമകാലിക വിഷയങ്ങൾ പ്രമേയമായ യു.പി വിഭാഗം ഇംഗ്ലീഷ് സ്‌കിറ്റിലാണ് ഫോഗട്ടിന്റെ കഥ ആൻ ദി വിന്നർ ഈസ് എന്ന പേരിൽ അവതരിപ്പിച്ച് സ്‌കൂൾ മിന്നും പ്രകടനത്തോടെ ഒന്നാം സ്ഥാനക്കാരായത്. ബി.ജെ.പി നേതാവും ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനുമായിരുന്ന ബ്രിജ്ഭൂഷണിന്റെ ലൈംഗിക ചൂഷണങ്ങളിൽ നടപടി ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര താരങ്ങൾ ഡൽഹിയിൽ പ്രതിഷേധിച്ചതും ഒളിമ്പിക്സിന് ശേഷം ഫോഗട്ട് ഹരിയാന നിയമസഭയിലേയ്ക്ക് മത്സരിച്ച് ജയിച്ചതുമെല്ലാം അരങ്ങിൽ നിറഞ്ഞുനിന്നു.
അമിയ രാജേഷ്, നജ്ഹ ഫാത്തിമ, സായി പവിത്ര പി.ജി, സമീഹ് ഇബ്രാഹിം. എം.എസ്, ദേവദർശൻ. കെ.ജെ, ഭദ്ര ശ്യാം. എം, ഇസലിയ. ടി.ഡി, ജാൻവി കൃഷ്ണൻ എന്നിവരായിരുന്നു ടീം അംഗങ്ങൾ. സ്‌കൂളിലെ ബേസിക് സയൻസ് അദ്ധ്യാപകൻ എൻ.എം. മുഹമ്മദ് സബീർ, എബി സാബു എന്നിവരായിരുന്നു പരിശീലകർ.