അങ്കമാലി: മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ ബലിവേദിയിൽ കുർബാന തർക്കം നടന്നു. ഞായറാഴ്ച രാവിലെ 5.30ന്റെ വിശുദ്ധ കുർബാന മധ്യേയാണ് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ കുർബാന സംബദ്ധമായ സർക്കുലർ വായിക്കുന്നത് സംബന്ധിച്ച് ഇടവകവികാരിയും സഹവികാരിയും തമ്മിൽ തർക്കമുണ്ടായത്. ഏകീകൃത കുർബാന അനുകൂലിയായ വികാരി ഫ.സെബാസ്റ്റ്യ ൻ ഊരക്കാടനും ജനാഭിമുഖ കുർബാന നിലപാടുള്ള പുരോഹിതരും തമ്മിലാണ് തർക്കവും ആക്രോശവും ഉണ്ടായത്. കുർബാന മദ്ധ്യെ സഹവികാരി അറിയിപ്പുകൾ വായിച്ചെങ്കിലും അതിരൂപതയുടെ സർക്കുലർ വായിക്കാൻ കൂട്ടാക്കിയില്ല. പള്ളി വികാരി അതിരൂപത സർക്കുലർ വായിക്കാനായി എത്തിയപ്പോൾ സഹവികാരി മൈക്ക് എടുത്തു മാറ്റുകയായിരുന്നു. സർക്കുലർ വായിക്കാൻ സമ്മതിക്കാതിരുന്നതിനെ ചൊല്ലി പരസ്പരം വാക്കുതർക്കമുണ്ടായി. കുർബാന മദ്ധ്യേ സഹവികാരി കാണിച്ച അച്ചടക്കരാഹിത്യവും അനുസരണക്കേടും ഫൊറോന വികാരി ഊരാക്കാടനെ അധിക്ഷേപിച്ചതായി വിശ്വാസികളിൽ ഒരു കൂട്ടം ആരോപിച്ചു. ദിവ്യബലി അലങ്കോലപ്പെടുത്താൻ ശ്രമിച്ച സഹവികാരിക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടികൾ സ്വീകരിക്കണമെന്നും ഇടവകയിൽ സമാധന അന്തരീക്ഷം നിലനിർത്തമെന്നും ആവശ്യപ്പെട്ട് ഇടവക വിശ്വാസികളുടെ ഒപ്പ് സമാഹാരിച്ച് അതിരൂപത കൂരിയ‌യ്ക്ക് ഇടവക വിശ്വാസികൾ നൽകി. പള്ളിയുടെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നു.

ബലിപീഠത്തെ അപമാനിച്ച മഞ്ഞപ്ര മാർ സ്ലീവ ഫൊറോന സഹവികാരിയെ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഭാരവാഹികളായ ബിജു പോൾ നെറ്റിക്കാടൻ, പൗലോസ് കീഴ്ത്തറ, ഷൈബി പാപ്പച്ചൻ ,സജി കല്ലറയ്ക്കൽ എന്നിവർ അതിരൂപത കൂരിയ‌യ്ക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.