crime

കൊച്ചി: കളമശേരി കൂനംതൈയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരി പെരുമ്പാവൂർ ചൂണ്ടക്കുഴി കോരോത്തുകുടി വീട്ടിൽ ജെയ്‌സി എബ്രഹാമിനെ (50) കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും കാമുകിയും അറസ്റ്റിൽ. ഇൻഫോപാർക്കിലെ ജീവനക്കാരൻ തൃക്കാക്കര മൈത്രിപുരം 11-347 വീട്ടിൽ ഗിരീഷ് ബാബു (42), തൃപ്പൂണിത്തുറ എരൂർ കല്ലുവിള വീട്ടിൽ ഖദീജ (പ്രഭിത, 42) എന്നിവരാണ് കളമശേരി പൊലീസിന്റെ പിടിയിലായത്.

ജെയ്‌സിയുടെ സ്വർണവും പണവും കൈക്കലാക്കാൻ ഗിരീഷാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിനായി മാസങ്ങളോളം ആസൂത്രണം നടത്തി. ഗൂഢാലോചനയിലും ആസൂത്രണത്തിലും ഖദീജയും പങ്കാളിയായി. ജെയ്‌സിക്ക് മദ്യം നൽകി മയക്കിയശേഷം ബാഗിൽ കരുതിയ ഡംബൽ കൊണ്ട് പലവട്ടം തലയ്‌ക്കടിച്ചു. തുടർന്ന് തലയണകൊണ്ട് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം കുളിമുറിയിൽ ഇട്ടു. കുളിക്കുന്നതിനിടെ വീണ് മരിച്ചെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം.

വിവാഹബന്ധം വേർപ്പെടുത്തിയ ഖദീജയും വിവാഹിതനായ ഗിരീഷും പ്രണയത്തിലായിരുന്നു. ജെയ്‌സി ഇവരുടെ അടുത്ത സുഹൃത്തായിരുന്നു. ലോൺ ആപ്പുകളിലടക്കം 85 ലക്ഷം രൂപയുടെ കടക്കാരനായിരുന്നു ഗിരീഷ്. പെരുമ്പാവൂരിലെ ഫ്ലാറ്റ് വിറ്റതടക്കം ജെയ്‌സിയുടെ കൈവശം ലക്ഷങ്ങൾ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് കൊല നടത്തിയത്.

ഈമാസം 17നാണ് ജെയ്‌സിയെ അപ്പാർട്ട്‌മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ജെയ്‌സിയുടെ വീട്ടിൽ ഒരാൾ ഹെൽമെറ്റ് ധരിച്ച് വന്നുപോകുന്ന സി.സി.ടിവി ദൃശ്യമാണ് കേസിൽ വഴിത്തിരിവായത്. ഏറെക്കാലം ജെയ്‌സിക്കൊപ്പമായിരുന്നു ഖദീജ. അങ്ങനെയാണ് ഗിരീഷിനെ പരിചയപ്പെട്ടത്. സാമ്പത്തിക തർക്കത്തെ തുടർന്ന് ഏതാനുംമാസം മുമ്പ് ഖദീജയും ജെയ്‌സിയും തമ്മിൽ തെറ്റിയിരുന്നു. ഇതിനിടെയാണ് ഗിരീഷിനൊപ്പം ചേർന്ന് ജെയ്സിയെ വകവരുത്താൻ പദ്ധതിയിട്ടത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആദ്യം റിഹേഴ്സൽ,

പിന്നാലെ കൊല

ഈ മാസം മൂന്നിന് സി.സി.ടിവി ഇല്ലാത്ത വഴികളിലൂടെ ജെയ്സിയുടെ അപ്പാർട്ട്മെന്റിലെത്തി ഗിരീഷ് റിഹേഴ്സൽ നടത്തിയിരുന്നു. രണ്ടാം ആഴ്ചയിൽ കൃത്യം നടപ്പാക്കി. കൊലയ്ക്കുശേഷം അലമാരകളടക്കം അരിച്ചുപെറുക്കിയെങ്കിലും ഒന്നുംകിട്ടിയില്ല. തുടർന്ന് ജെയ്‌സിയുടെ രണ്ട് വളയും മോതിരവും ഊരിയെടുത്തു. മദ്യക്കുപ്പിയും വെള്ളവും ഡംബലും ചോരപുരണ്ട വസ്ത്രങ്ങളും ബാഗിലാക്കി സ്ഥലംവിട്ടു. അങ്കമാലിയിലെ ബന്ധുവീട്ടിലേക്കാണ് ആദ്യംപോയത്. പിറ്റേന്ന് പുലർച്ചെ നാലോടെ ജെയ്‌സിയുടെ വീടിന് സമീപത്തെത്തി പരിസരത്ത് സി.സി.ടിവികളില്ലെന്ന് ഉറപ്പുവരുത്തിയെങ്കിലും സമീപത്തെ ഒരു ക്യാമറയിൽ പതിഞ്ഞതാണ് പ്രതിയെ കുടുക്കിയത്. ഇടുക്കിയിൽ ഒളിവിൽ കഴിയവേ ഗിരീഷ് മറ്റൊരു പെൺസുഹൃത്തുവഴി കവർന്ന സ്വർണം വിറ്റു. ഏതാനും ദിവസം ഇവിടെ തങ്ങിയശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് പൊലീസിന്റെ പിടിവീണത്.


'കുടവയർ' ചതിച്ചു

പിടിക്കപ്പെടാതിരിക്കാൻ ഗിരീഷ് മുൻകരുതൽ പലതുമെടുത്തെങ്കിലും കുടുക്കിയത് സ്വന്തം കുടവയർ. ജെയ്‌സിയുടെ അപ്പാർട്ട്‌മെന്റിൽ ഒരാൾ ഹെൽമെറ്റ് ധരിച്ചുവരികയും മറ്റൊരു ടീ ഷർട്ട് ധരിച്ച് ഹെൽമെറ്റു വച്ചുതന്നെ മടങ്ങുകയും ചെയ്യുന്ന സി.സി ടിവി ദൃശ്യം ലഭിച്ചിരുന്നു. ഇത് ജെയ്‌സിക്കൊപ്പം നേരത്തെ താമസിച്ചിരുന്ന സ്ത്രീകളെ കാണിച്ചപ്പോൾ തിരിച്ചറിഞ്ഞു. ശരീരപ്രകൃതവും കുടവയറുമാണ് സഹായിച്ചത്. എം.സി.എ ബിരുദധാരിയാണ് ഗിരീഷ്.