
ആലുവ: കൊച്ചി മെട്രോയുടെ ഫീഡർ ഓട്ടോ സർവീസ് ആലുവ സ്റ്റേഷനിലും ആരംഭിച്ചു. 10 ഇലക്ട്രിക് ഓട്ടോകളാണ് ആലുവയിൽ സർവീസ് ആരംഭിച്ചത്. സ്റ്റേഷന്റെ തെക്ക് വശം തൈനോത്ത് റോഡ് ആരംഭിക്കുന്ന ഭാഗത്ത് മെട്രോ പാർക്കിംഗ് ഏരിയയോട് ചേർന്ന് പ്രത്യേകമായി സ്ഥലം കണ്ടെത്തിയാണ് സ്റ്റാൻഡ് ക്രമീകരിച്ചിട്ടുള്ളത്.
കെ.എം.ആർ.എൽ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഓട്ടോകൾ മെട്രോ കണക്റ്റിവിറ്റിയില്ലാത്ത പ്രദേശങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ഓടുകയെന്നതാണ് ലക്ഷ്യം. അംഗീകൃത നിരക്കാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുക. ജില്ലാ ഓട്ടോ ഡ്രൈവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ഇ.ജെ.എ.ഡി.സി.എസ്) നേതൃത്വത്തിൽ കമ്മ്യൂട്ടോ എന്ന പേരിൽ 75 ഓട്ടോറിക്ഷകളാണ് ഇറക്കിയത്. കോർപ്പറേഷൻ പരിധിയിലെ പല സ്റ്റേഷനുകളിലും നേരത്തെ സർവീസ് ആരംഭിച്ചെങ്കിലും ആലുവയിൽ ലോക്കൽ ഓട്ടോറിക്ഷ ഡ്രൈവർമാരുമായുണ്ടായ തർക്കമാണ് ഫീഡർ ഓട്ടോറിക്ഷകൾ വൈകാൻ കാരണം.
ഫീഡർ ഓട്ടോ
ലൈറ്റ് നീലയാണ് ഫീഡർ ഓട്ടോയുടെ നിറം. ഡ്രൈവർമാരുടെ യൂണിഫോമും ലൈറ്റ് നീല ടീ ഷർട്ടാണ്. ഡ്രൈവർമാർക്ക് അടിസ്ഥാന ശമ്പളം 10,000 രൂപയും കളക്ഷന്റെ പകുതിയും ലഭിക്കും. ഡിജിറ്റൽ പെയ്മെന്റ് സൗകര്യവും മീറ്റർ റീഡിംഗുമുണ്ട്. താമസം, യൂണിഫോം, സൗകര്യപ്രദമായ ജോലി സമയം എന്നിവയും ഡ്രൈവർമാർക്ക് ലഭിക്കും. ജി.പി.എസും പ്രത്യേക ആപ്പും പണമടയ്ക്കാൻ ക്യു.ആർ കോഡ് സംവിധാനവുമുണ്ട്. ചാർജിംഗ് പോയിന്റുകളിൽ നിന്ന് ഓട്ടോറിക്ഷകൾക്ക് ചാർജ് ചെയ്യാം.
സ്റ്റാൻഡിൽ ഇടകലർന്ന് സാധാ ഓട്ടോയും
ആലുവയിൽ ഫീഡർ ഓട്ടോക്കായി കൊച്ചി മെട്രോ സ്വന്തം സ്ഥലത്ത് ക്രമീകരിച്ച സ്റ്റാൻഡിൽ സാധാരണ ഓട്ടോറിക്ഷയും ഇടകലർന്നാണ് സർവീസ് നടത്തുന്നതായി പരാതി. ആലുവ മേൽപ്പാലത്തിനടിയിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളാണ് ഫീഡർ ഓട്ടോറിക്ഷകൾക്കിടയിൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി കടന്നുകയറിയത്. മേൽപ്പാലത്തിനടിയിൽ 100ഓളം ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാൻ സൗകര്യമുള്ള സ്ഥലം സംഘടിത ശക്തിയിൽ കൈവശപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവർമാർ, മെട്രോയുടെ സ്ഥലത്ത് ഫീഡർ ഓട്ടോ സ്റ്റാൻഡ് ആരംഭിച്ചപ്പോൾ അവിടെയും കൈയേറി. ഇപ്പോൾ മേൽപ്പാലത്തിനടിയിൽ വിരലിൽ എണ്ണാവുന്ന ഓട്ടോറിക്ഷകൾ മാത്രമാണ് ഒരേസമയം ഉണ്ടാകുന്നത്. അവശേഷിക്കുന്ന സ്ഥലത്ത് മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇവിടത്തെ ഓട്ടോറിക്ഷക്കാർ സമ്മതിക്കുകയുമില്ല. പൊലീസും മൗനം പാലിക്കുകയാണ്.
ഫീഡർ ഓട്ടോ സ്റ്റാൻഡിൽ ലോക്കൽ ഓട്ടോറിക്ഷകൾക്ക് ഓടുന്നതിന് അനുമതി നൽകിയിട്ടുണ്ടോയെന്ന് അറിയില്ല. സംഭവം അന്വേഷിക്കും
എ.ജി.എം ഗോകുൽ
കൊച്ചി മെട്രോ അർബൺ ട്രാൻസ്പോർട്ട് വിഭാഗം
10 ഇലക്ട്രിക് ഓട്ടോകൾ
ഡ്രൈവർമാരുമായുണ്ടായ തർക്കമാണ് ഫീഡർ ഓട്ടോറിക്ഷകൾ വൈകാൻ കാരണം.
നില നിറം