pic

കുറുപ്പംപടി: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ചാക്യാർക്കൂത്ത് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ നീരജ് കൃഷ്ണയ്ക്ക് കൂത്ത് ഒരു കുടുംബകാര്യമാണ്. ആലുവ വിദ്യാധിരാജ ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി നീരജ് വേദിയിൽ മത്സരിക്കുമ്പോൾ പിന്നണിയിൽ മിഴാവ് വായിച്ചത് അച്ഛൻ ഹരി നമ്പ്യാരായിരുന്നു. 30 വർഷത്തിലേറെയായി ചാക്യാർകൂത്ത് രംഗത്തെ നിറ സാന്നിദ്ധ്യമാണ് ഇദ്ദേഹം. നീരജിനെ പരിശീലിപ്പിച്ചതാകട്ടെ അച്ഛന്റെ ജ്യേഷ്ഠൻ ഡോ. എടനാട് രാജൻ നമ്പ്യാരും. ചാക്യാർക്കൂത്തിൽ 10,000ലേറെ വേദികൾ പിന്നിട്ട ഡോ. എടനാട് രാജൻ നമ്പ്യാർ എണ്ണമറ്റ ശിഷ്യ സമ്പത്തിന് ഉടമയാണ്. താളം പിടിക്കാൻ വേദിയിൽ ഒപ്പമുണ്ടായിരുന്നത് അച്ഛന്റെ മറ്റൊരു ജ്യേഷ്ഠന്റെ മകൾ പാർവതി നാരായണൻ.

കഴിഞ്ഞ വർഷം സംസ്ഥാന കലോത്സവത്തിൽ ചാക്യാർകൂത്തിന് എ ഗ്രേഡ് നേടിയ നീരജ് പാഠക കലാകാരൻ കൂടിയാണ്. ഇത്തവണ പഞ്ചവാദ്യത്തിലും നീരജ് മാറ്റുരയ്ക്കുന്നുണ്ട്. എറണാകുളം മെഡിക്കൽ കോളേജിലെ നഴ്‌സായ അമ്മ രജനീ ഉണ്ണിക്കൃഷ്ണനും നീരജിന് പൂർണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.