
പെരുമ്പാവൂർ: 60 അടി ഉയരമുള്ള തെങ്ങിന്റം മണ്ടയിൽ കുഴഞ്ഞ് കുടുങ്ങിയിരുന്ന മരംവെട്ടു തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി താഴെയിറക്കി. മീമ്പാറ കളരിക്കൽ സാജുവിന്റെ പുരയിടത്തിലെ തെങ്ങിന്റെ മണ്ടയിൽ കുടുങ്ങിപ്പോയ നായരമ്പലം ഓലോപ്പുള്ളി വീട്ടിൽ അജി (56)യെയാണ് ഫയർഫോഴ്സ് എത്തി താഴെ ഇറക്കിയത്. അജി കുഴഞ്ഞുവെന്ന് അറിഞ്ഞയുടൻ അടുത്ത പുരയിടത്തിൽ മരം വെട്ടിക്കൊണ്ടിരുന്ന അജിയുടെ കൂട്ടുകാരനായ നായരമ്പലം പുനത്തിൽ വീട്ടിൽ പി.സി. അനിൽ തെങ്ങിൽ കയറി അജിയെ കയറിൽ ബന്ധിച്ചിരുന്നു. ബോധമുണർന്ന അജി സ്വയം ഇറങ്ങിക്കൊളാം എന്നു പറഞ്ഞെങ്കിലും മുൻകരുതലായി ഫയർഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് ലാഡർ ഉപയോഗിച്ച് അദിയെ താഴെയിറക്കി. സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷ്, അസി.സ്റ്റേഷൻ ഓഫീസർ ടി.കെ.എൽദോ, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ ബൈജു ടി. ചന്ദ്രൻ, പി.ബി. അനീഷ് കുമാർ, എസ്. കണ്ണൻ, പി .ബി. സെബിമോൻ, എം.കെ. മണികണ്ഠൻ, എസ്. ശബരി ,സി.ആദർശ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.