കൊച്ചി: മനുഷ്യന്റെ മൗലികാവകാശമായ കുടിവെള്ളത്തിന്റെ വിതരണം പൊതുമേഖലയിൽനിന്ന് കുത്തക കമ്പനിക്ക് നൽകി സ്വകാര്യവത്കരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ആവശ്യപ്പെട്ടു. കൊച്ചി നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളവിതരണം എ.ഡി.ബി സഹായത്തോടെ ഫ്രഞ്ച് കോർപ്പറേറ്റ് കമ്പനിക്ക് കൈമാറാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് എറണാകുളം ജലഭവനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ഡി. റോഡിൽ നിന്നാരംഭിച്ച മാർച്ച് ജലഭവനിന് മുമ്പിൽ പൊലീസ് തടഞ്ഞു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, എം എം. ജോർജ്, ആൽവിൻ സേവ്യർ, വി.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.