 
കാക്കനാട്: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ചതിനെതിരെ കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടിൽ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു )നേതൃത്വത്തിൽ ഡ്രൈവിംഗ് സ്കൂളുകാരുടെ പ്രതിഷേധം.
ലൈസൻസ് ടെസ്റ്റിന് വിദ്യാർത്ഥികൾക്ക് കിട്ടിയ സ്ളോട്ട് മുൻകൂട്ടി അറിയിക്കാതെ ഒഴിവാക്കിയവർക്ക് അടുത്തദിവസം അവസരം നൽകണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
നിലവിലെ 120 പേരിൽനിന്ന് 40 പേരുടെ സ്ലോട്ടുകൾ തിങ്കളാഴ്ചമുതൽ വെട്ടിക്കുറച്ചിരുന്നു. ലേണേഴ്സ് പാസായി ഒരു മാസം കഴിഞ്ഞാണ് ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് വിദ്യാർത്ഥികൾക്ക് സ്ളോട്ടുകൾ അനുവദിക്കുന്നത്.
സ്ളോട്ട് നഷ്ടപ്പെട്ടവർക്ക് വീണ്ടും മൂന്നു മാസം വരെ കാത്തിരിക്കേണ്ട അവസ്ഥയാണന്നും സ്കൂളുകാർ ആരോപിച്ചു.
സി.ഐ.ടി.യു തൃക്കാക്കര ഏരിയാ സെക്രട്ടറി കെ.ടി.എൽദോ ആർ.ടി.ഒയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ളോട്ട് റദ്ദാക്കപ്പെട്ടവർക്ക് അടുത്തദിവസം അവസരം നൽകുമെന്ന ഉറപ്പ് നൽകിയതിനെത്തുടർന്ന് സമരം അവസാനിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി. ബൈജു, എൻ.ജെ. ഷിജു എന്നിവർ സംസാരിച്ചു.