മരട്: വെടിക്കെട്ട് നടത്തിപ്പിൽ ഉണ്ടായിട്ടുള്ള അനിശ്ചിതത്വം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മരട് വെടിക്കെട്ട് ആക്ഷൻ കൗൺസിൽ ദേവസ്വംമന്ത്രി വി.എൻ. വാസവന് നിവേദനം നൽകി. കേന്ദ്രസർക്കാർ പുതുക്കിയ പെസോ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള ദൂരപരിധി കർശനമായി നടപ്പാക്കിയാൽ വെടിക്കെട്ട് നടത്താൻ കഴിയാതെവരും. മുൻകാലങ്ങളിൽ ജില്ലാ ഭരണകൂടം ലൈസൻസ് അനുവദിക്കാതിരിക്കുമ്പോഴും ആചാരപരമായ ചടങ്ങ് എന്ന നിലയിൽ വെടിക്കെട്ട് നടത്താൻ ഹൈക്കോടതി അനുമതി ലഭിച്ചിരുന്നു.
ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ ആശങ്ക മുഖ്യമന്ത്രി കേന്ദ്രമന്ത്രി പീയൂഷ് ഗോയലിനെ അറിയിച്ചിട്ടുണ്ടെന്നും ക്ഷേത്രദേവസ്വങ്ങളുടെ യോഗം വിളിച്ച് കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും ദേവസ്വംമന്ത്രി നിവേദക സംഘത്തെ അറിയിച്ചു. ജി.സി.ഡി.എ എക്സിക്യുട്ടീവ് അംഗം എ.ബി. സാബു, ദേവസ്വം പ്രസിഡന്റ് വത്സൻ കടേക്കുഴി, വടക്കേ ചേരുവാരം സെക്രട്ടറി ശിവപ്രസാദ്, തെക്കേ ചേരുവാരം സെക്രട്ടറി കെ. സുരേഷ്‌കുമാർ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.