
കുറുപ്പംപടി: പതിയെ തുടങ്ങി ആവേശത്തിലേക്ക് ..... ജില്ലാ സ്‌കൂൾ കലോത്സവത്തിന് പെരുമ്പാവൂർ കുറുപ്പംപടിയിൽ തിരിതെളിഞ്ഞു. ആദ്യദിനം 151 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നിൽ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആദ്യ ദിനത്തിൽ നോർത്ത് പറവൂർ (149) രണ്ടാം സ്ഥാനത്തുണ്ട്. 142 പോയിന്റുമായി ആതിഥേയരായ പെരുമ്പാവൂരാണ് മൂന്നാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ എറണാകുളം അഞ്ചാം സ്ഥാനത്താണ് (129).
ആലുവ വിദ്യാധിരാജ വിദ്യാഭവൻ ഇ.എം.എച്ച്.എസാണ് സ്‌കൂൾ പട്ടികയിൽ ഒന്നാമത് (65). വൈപ്പിൻ എടവനക്കാട് ഹിദായത്തുൽ ഇസ്ലാം സ്‌കൂൾ 48 പോയിന്റോടെ രണ്ടാം സ്ഥാനത്തുണ്ട്. മൂവാറ്റുപുഴ സെന്റ്. അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസാണ് മൂന്നാമത്. ചാമ്പ്യന്മാരായ എറണാകുളം സെന്റ്. തെരേസാസ് ആദ്യദിനം നാലാം സ്ഥാനത്താണ് (45).
അറബിക് കലോത്സവത്തിൽ യു.പി വിഭാഗത്തിൽ കോലഞ്ചേരി, ആലുവ, മൂവാറ്റുപുഴ, വൈപ്പിൻ, മട്ടാഞ്ചേരി, നോർത്ത് പറവൂർ ഉപജില്ലകൾക്ക് പത്ത് പോയിന്റ് വീതമുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ കോതമംഗലം, പെരുമ്പാവൂർ, വൈപ്പിൻ, കോലഞ്ചേരി, ആലുവ ഉപജില്ലകളാണ് മുന്നിൽ (30 പോയിന്റ്). സംസ്‌കൃതോത്സവം യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങളിൽ 20 പോയിന്റുമായി ആലുവ ഉപജില്ലയാണ് മുന്നിൽ.
ഇന്നലെ ആറ് അപ്പീലുകൾ എത്തി.
ആദ്യദിനം നങ്ങ്യാർകൂത്തിലും നാടൻപാട്ടിലും അപ്പീലുയർന്നു. എല്ലാ വിഭാഗങ്ങളിലെയും രചനാ മത്സരങ്ങൾ പൂർത്തിയായി. മേളയ്ക്ക് തുടക്കം കുറിച്ച് രാവിലെ 9ന് പൊതു വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ പതാക ഉയർത്തി. ഔദ്യോഗിക ഉദ്ഘാടനം ഇന്നാണ്. ശേഷം ഒപ്പന മത്സരം നടക്കും. മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, മംഗലംകളി, നാടകം, കഥകളി മത്സരങ്ങളും രണ്ടാം ദിനം നടക്കും.