കൊച്ചി: വിവിധ കേന്ദ്ര ഏജൻസികളുടെയും മറ്റും പേരിൽ ഉത്തരേന്ത്യൻ തട്ടിപ്പു സംഘം ഈ വർഷം കൊച്ചിയിലെ ഏഴുപേരിൽ നിന്ന് തട്ടിയത് ഒരുകോടി രൂപയിലധികം. തട്ടിപ്പുകളിൽ പണം വീണ്ടെടുക്കാനായിട്ടില്ല. അതേസമയം, കൊച്ചി സിറ്റി പൊലീസ് രണ്ട് പ്രത്യേക പരിശോധനകളിലൂടെ 1,84,80,000 രൂപ വീണ്ടെടുത്തു.

പ്രതിദിനം ലക്ഷങ്ങൾ നഷ്ടപ്പെട്ട പരാതികളാണ് പൊലീസിന് മുന്നിലെത്തുന്നത്. തുടർന്നാണ് പ്രത്യേക പരിശോധന നടത്താൻ സിറ്റി പൊലീസ് തീരുമാനിച്ചത്. രണ്ടര മാസത്തിനിടെയാണ് ഇത്രയും തുക വീണ്ടെടുത്തത്. ആദ്യ പരിശോധനയിൽ 29,80,000 രൂപയും രണ്ടാം ഘട്ട പരിശോധനയിൽ 1.55 കോടിയും വീണ്ടെടുത്തു. ജനുവരി മുതൽ നവംബർ വരെയുള്ള കണക്കാണിത്. തട്ടിപ്പ് നടത്തിയ അക്കൗണ്ടുകൾ ട്രാക്ക് ചെയ്ത് അവ മരവിപ്പിച്ച ശേഷമായിരുന്നു നടപടി. തുടർന്ന് കോടതിയിൽ ഇര അപേക്ഷ നൽകണം. കോടതി ഉത്തരവ് പ്രകാരമാണ് തുക മടക്കി നൽകുക.

 50 ഓളം പേർ
സൈബർ കേസുകളിൽ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത് അമ്പതോളം പേരെയാണ്. ഉത്തരേന്ത്യക്കാരും മലയാളികളും പിടിയിലായി. പണമിടപാടിന് ബാങ്ക് അക്കൗണ്ടുകൾ കൈമാറിയവരും അറസ്റ്റിലായിട്ടുണ്ട്.


സൈബർ തട്ടിപ്പുകളിൽ പണം നഷ്ടമായാൽ എത്രയും വേഗം അടുത്ത പൊലീസ് സ്‌റ്റേഷനിലോ ദേശീയ സൈബർ ക്രൈം പോർട്ടലായ 1930യിലോ പരാതി രജിസ്റ്റർ ചെയ്യണം
പുട്ട വിമലാദിത്യ
കമ്മിഷണർ
കൊച്ചി സിറ്റി പൊലീസ്‌