* കമ്പനികളുടെ മലിനീകരണമില്ലെന്ന് വിലയിരുത്തൽ
കൊച്ചി: പെരിയാറിൽ കഴിഞ്ഞ മേയിൽ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് ഹൈക്കോടതി രൂപീകരിച്ച പ്രത്യേകകമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു. സംഭവത്തിനുപിന്നിൽ ഫാക്ടറികൾ തള്ളുന്ന രാസമാലിന്യമല്ലെന്നുള്ള സംസ്ഥാന മലീനീകരണ നിയന്ത്രണ ബോർഡിന്റെ കണ്ടെത്തലുകൾ ശരിവയ്ക്കുന്നതാണ് റിപ്പോർട്ട്. മാലിന്യം അടിഞ്ഞുകൂടിയ പാതാളംബണ്ട് തുറന്നതാണ് മീനുകൾ ചത്തുപൊങ്ങാൻ കാരണമായതെന്ന കണ്ടെത്തൽ കമ്മിറ്റിയും ശരിവയ്ക്കുന്നു. പെരിയാറിലേക്ക് അനധികൃതമായി മാലിന്യംതള്ളുന്നത് തടയണമെന്നും ഇക്കാര്യത്തിൽ മലിനീകരണ നിയന്ത്രണബോർഡ് കർശന നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി വകുപ്പ് സെക്രട്ടറി രത്തൻ യു. ഖേൽക്കർ, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റീജിയണൽ ഡയറക്ടർ ജെ. ചന്ദ്രബാബു, പരിസ്ഥിതി കാലാവസ്ഥ വകുപ്പ് ഡയറക്ടർ സുനിൽ പമീദി, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്. ശ്രീകല എന്നിവരടങ്ങിയ ഉന്നതതല സമിതിയാണ് റിപ്പോർട്ട് നൽകിയത്.
പെരിയാറിൽ ഒൻപത് സ്ഥലത്ത് വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നുണ്ട്. ഇതടക്കം കമ്മിറ്റി വിലയിരുത്തി. പെരിയാരിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. 100 മില്ലി ലിറ്ററിൽ ഇത് 2800 എം.പി.എൻ വരെയാണ്. അനുവദനീയമായത് 2500 എം.പി.എൻ ആണ്. ഏലൂർ ഒഴികെയുള്ള ഭാഗങ്ങളിൽ വെള്ളത്തിന്റെ പി.എച്ച് മൂല്യം അനുവദനീയമായ അളവിലാണ്. എന്നാൽ മാലിന്യം വലിയതോതിലുണ്ട്. വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറവാണ്. പാതാളംബണ്ട് ദിവസങ്ങളോളം അടഞ്ഞുകിടക്കുന്നതിനാൽ വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറയുകയും തുറക്കുമ്പോൾ മലിനജലമൊഴുകി മീനുകൾ ചത്തുപൊങ്ങുകയുമായിരുന്നു. കാലാവസ്ഥാ മാറ്റം, കൂട് മത്സ്യക്കൃഷിക്കായി ഉപ്പുവെള്ളത്തിൽ വളരുന്ന മീനുകളെ ഉപയോഗിച്ചത്, വെള്ളത്തിൽ ഉപ്പിന്റെ അളവിലുണ്ടായ മാറ്റം എന്നിവയും മീനുകൾ ചത്തുപൊങ്ങാൻ കാരണമാണ്. ഏലൂർ, എടയാർ മേഖലകളിൽ പെരിയാറിന്റെ തീരത്ത് 43 കമ്പനികളുണ്ട്. ഇതിൽ അഞ്ച് കമ്പനികൾക്കാണ് ശുദ്ധീകരിച്ച മാലിന്യം പെരിയാറിലേയ്ക്ക് ഒഴുക്കിക്കളയാൻ അനുമതി നൽകിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. വിഷയം അടുത്തദിവസം കോടതി പരിഗണിക്കും.