melbon-temple

കൊച്ചി: ഓസ്ട്രേലിയയിൽ ലോകത്തെ ഏറ്റവും വലിയ അയ്യപ്പക്ഷേത്രത്തിന്റെ നിർമ്മാണം അടുത്ത വർഷം ആരംഭിക്കും.

മെൽബൺ പിയർസെഡേൽ ഡാൻഡെനോങ്ങ് റോഡിലെ പത്തേക്കറിൽ ശബരിമല സന്നിധാനത്തിന് സമാനമായ രീതിയിലാണ് ക്ഷേത്രനിർമ്മാണമെന്ന് മെൽബൺ അയ്യപ്പസേവാസംഘം അറിയിച്ചു. കേരളീയ തച്ചുശാസ്ത്ര പ്രകാരമാണ് രൂപകല്പന. 30 കോടി രൂപയോളം ചെലവു കണക്കാക്കുന്നു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള ശില്പികൾക്കാണ് നിർമ്മാണ ചുമതല. 2029ൽ പ്രതിഷ്ഠ നിർവഹിക്കും. മലയാളി പൂജാരിമാരാവും പൂജ നിർവഹിക്കുക. താഴമൺ തന്ത്രി കുടുംബവുമായി ചർച്ചകൾ കഴിഞ്ഞു.

അയ്യപ്പക്ഷേത്രം കൂടാതെ ശ്രീനരസിംഹമൂർത്തി ക്ഷേത്രവും വേദ പാഠശാല, ഗോശാല തുടങ്ങിയവയും പണിയുന്നുണ്ട്. ശബരിമലയിലെ ഉപദേവതാ പ്രതിഷ്ഠകളെല്ലാം ഉണ്ടാകും.

2008ൽ രൂപീകരിച്ച മെൽബൺ അയ്യപ്പസേവാസംഘം കരംസ് ഡൗണിലെ ആസ്ഥാനത്തെ അയ്യപ്പമണ്ഡപത്തിൽ മാസപൂജകൾ നടത്താറുണ്ട്. മെൽബണിൽ 2.5 ലക്ഷം ഹൈന്ദവരുണ്ട്. ഓസ്ട്രേലിയയിൽ എട്ട് ലക്ഷം വരും.

ക്ഷേത്രനിർമ്മാണത്തിന് മുന്നോടിയായി ജ്യോതിഷ പണ്ഡിതൻ ദൈവജ്ഞരത്നം സുഭാഷ് ഗുരുക്കളുടെ നേതൃത്വത്തിൽ പറവൂർ രാകേഷ് തന്ത്രി, പോത്തൻകോട് കേശവൻ ജ്യോത്സ്യർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മെൽബണിൽ കഴിഞ്ഞ ദിവസം അഷ്ടമംഗല ദേവപ്രശ്നം നടന്നു. തമിഴ്നാട് അയ്യപ്പ മെഡിക്കൽ മിഷൻ ആൻഡ് ചാരിറ്റീസ് സെക്രട്ടറി പ്രകാശ് കോയമ്പത്തൂർ, പന്തളം രാജകൊട്ടാരം പ്രതിനിധി രഞ്ജിത്ത് വർമ്മ എന്നിവർ പ്രശ്നചിന്തയിൽ പങ്കെടുത്തു.

ഓസ്ട്രേലിയയിലെ അയ്യപ്പഭക്തരുടെ ഏറെക്കാലത്തെ ആഗ്രഹമാണ് അയ്യപ്പക്ഷേത്രം. നാട്ടുകാരുടെയും പിന്തുണയുണ്ട്.

ഡോ.വിജയ് ആനന്ദ് സെങ്കുട്ടവൻ

സെക്രട്ടറി

മെൽബൺ അയ്യപ്പസേവാസംഘം